cpi

തിരുവനന്തപുരം: ഭരണ വിരുദ്ധവികാരവും ,സാമുദായിക ചേരിതിരിവും ലോക്‌സഭാ തിരഞ്ഞെടുപ്പ്ൽ എൽ.ഡി.എഫിന് തിരിച്ചടിയായെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വിമർശനം.. ബിജെപിക്ക് വോട്ട് കൂടാൻ ഇത് കാരണമായന്നും എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു.

മുഖ്യമന്ത്രി തമ്പുരാനെ പോലെയാണ് പെരുമാറുന്നത്. തന്റെ ശൈലി മാറ്റില്ലെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. സി.പി.എമ്മിന്റെ നേതാക്കൾക്കെല്ലാം ധാർഷ്ട്യമാണ് . സി.എ.എ, പാലസ്തീൻ വിഷയങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന തോന്നലുണ്ടാക്കി. റവന്യൂ, ഭക്ഷ്യ വകുപ്പുകളിൽ ഗുരുതരമായ വീഴ്ച്ചയുണ്ടായി. സപ്‌ളൈകോയിൽ സാധനങ്ങൾ ലഭ്യമായിരുന്നില്ല. മറ്റ് പല കാര്യങ്ങൾക്കും സി.പി.എം ഭരിക്കുന്ന ധനവകുപ്പ് പണമനുവദിച്ചിട്ടും സപ്‌ളൈക്കോയ്ക്കും ഭക്ഷ്യവകുപ്പിനും പണം നൽകിയില്ല. ഇത് കൈകാര്യം ചെയ്യുന്നത് സി.പി.ഐയായതുകൊണ്ട് ജനങ്ങളിൽ നിന്നും വിമർശനമേൽക്കേണ്ടി വന്നു. ക്ഷേമ പെൻഷൻ കുടിശിക നൽകാത്തത് തിരഞ്ഞെടുപ്പിൽ സാധാരണക്കാർക്കിടയിൽ ബാധിച്ചു.

തിരുവനന്തപുരം മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി വീണ്ടും മൂന്നാമതായത് ഗൗരവമായി പരിശോധിക്കണം. ഇവിടെ സി.പി.എം വോട്ടുകൾ പന്ന്യൻ രവീന്ദ്രന് ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സർക്കാരിന്റെ പ്രവർത്തനം എൽ.ഡി.എഫ് വിലയിരുത്താറില്ല. ഓരോ മന്ത്രിയുടെയും പ്രവർത്തനം പരിശോധിക്കുമെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. സി.പി.എം പറയുന്നത് കേട്ട് മുന്നണിയിൽ നിൽക്കേണ്ട അവസ്ഥയാണ് സി.പി.ഐക്കുള്ളത്. സർക്കാരിന്റെ പ്രവർത്തനം അവലോകനം ചെയ്യാൻ പ്രത്യേക എക്സിക്യൂട്ടിവ് വിളിക്കും.

ക്വട്ടേഷൻ, എസ്.എഫ്.ഐ വിമർശനങ്ങളിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം വിമർശനങ്ങൾ നേരത്തെ ഉന്നയിക്കേണ്ടിയിരുന്നുവെന്ന് അംഗങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഒരുമിച്ച് നിലയുറപ്പിക്കുമ്പോൾ അങ്ങനെ വിമർശിക്കാനാവില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.

ജില്ലാ കൗൺസിലുകളുടെ റിപ്പോർട്ടുകൾ. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കൗൺസിലും ചർച്ച ചെയ്യും.