k

അനന്തവും അജ്ഞാതവുമായ ഈ ലോകത്തിന്റെ ഒരു കോണിലിരുന്ന് ഇതുവരെ തലപുകച്ചതു മുഴുവൻ 'അവനെ" എങ്ങനെ ഒതുക്കാം എന്നതിനെക്കുറിച്ചായിരുന്നു. അവന്റെ അവർണനീയമായ ഈ വളർച്ചയിൽ ഞാൻ അസൂയാലു ആകുന്നുവെന്നു പറഞ്ഞാലും തെറ്റില്ല. സ്കൂളിലെ മത്സരത്തിന് പ്രസംഗം എഴുതിക്കൊടുക്കാൻ ചേട്ടന്റെ മക്കൾ മുമ്പ് സഹായം ചോദിക്കുമായിരുന്നു. ഇന്നവർ എന്നെ കണ്ട ഭാവം നടിക്കുന്നില്ല. സുഹൃത്തിന്റെ ഡിസൈനിംഗ് കമ്പനിയിൽ വിശേഷ ദിവസങ്ങളിൽ ഫേസ്ബുക്ക് പോസ്റ്ററുകൾ ചെയ്യാൻ ആശയങ്ങൾ നൽകാറുണ്ടായിരുന്നു. അവൾക്കും ഇപ്പോൾ എന്നെ വേണ്ട. എല്ലാത്തിനും കാരണം അവനാണ്- 'എ.ഐ"! ഒരുവട്ടമെങ്കിലും അവൻ എനിക്കു മുന്നിൽ; അല്ല,​ മനുഷ്യനു മുന്നിൽ അടിയറവ് പറയണം.

എ.ഐയുടെ ഏറ്റവും പുതിയ സേവനമായ മെറ്റയോടു തന്നെ പകരം വീട്ടാമെന്ന് നിശ്ചയിച്ചു. 'അല്ല മിസ്റ്റർ, നിർമ്മിതബുദ്ധി ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുമോ?​ അത്തരം തട്ടിപ്പുകൾ തടയാൻ എന്തെങ്കിലും മാർഗമുണ്ടോ?"ഉത്തരം ലഭിക്കില്ലെന്ന ആത്മവിശ്വാസത്തോടെ ഞാൻ മെറ്റയോട് ചോദിച്ചു. അവന്റെ തോറ്റ മുഖം കാണാൻ കൊതിച്ച ഞാൻ വീണ്ടും ഞെട്ടി- ഡീപ്ഫേക്ക്, ഫിഷിംഗ് ഉൾപ്പെടെയുള്ള രീതികൾ ഉപയോഗിച്ച് നടന്നേക്കാവുന്ന തട്ടിപ്പുകൾ... സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കണമെന്നും സമൂഹമാദ്ധ്യമങ്ങളിൽ വരുന്നതെല്ലാം വിശ്വസിക്കരുതെന്നുമുള്ള താക്കീതുകൾ... മണിമണിയായി മെറ്റ ഉത്തരം നൽകിയപ്പോൾ 'നീ അല്ലെങ്കിൽ ഞാൻ" എന്ന മനോഭാവത്തിൽ നിന്ന് 'ഇനി നമ്മൾ ഒന്നിച്ച്" എന്ന ആശയത്തോട് ഞാൻ താദാത്മ്യം പ്രാപിക്കുകയായിരുന്നു.

പുതിയകാലത്തെ

'ലുഡൈറ്റുകൾ"

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ വ്യാവസായിക വിപ്ലവം നടക്കുന്ന കാലം. അന്ന് ഫാക്ടറികളിൽ നെയ്ത്തു ജോലികൾക്ക് മനുഷ്യനു പകരമായി മില്ലുടമകൾ യന്ത്രങ്ങളെ കൊണ്ടുവന്നപ്പോൾ തൊഴിലാളികളിൽ ചിലർ ഇടഞ്ഞു. തങ്ങൾ മണിക്കൂറുകളെടുത്തു ചെയ്യുന്ന ജോലി നിമിഷനേരം കൊണ്ട് തീർക്കുന്ന യന്ത്രങ്ങളെ അവർ വെറുത്തു. യന്ത്രങ്ങൾ കൂട്ടത്തോടെ നശിപ്പിച്ചു. യന്ത്രവത്കരണത്തിനെതിരെ സർക്കാരിനും മില്ലുടമകൾക്കും കത്തെഴുതി. അക്കൂട്ടത്തിൽ പ്രമുഖനായ നെയ്ത്തുകാരനായിരുന്നു നെഡ് ലുഡ് എന്ന് കരുതപ്പെടുന്നു.

യന്ത്രങ്ങളെ ചെറുക്കാൻ രൂപീകരിച്ച പ്രസ്ഥാനത്തിന് ലുഡൈറ്റ് പ്രസ്ഥാനം എന്ന് പേരു വീണു. പിൽക്കാലത്ത് എന്തു പുതിയ കണ്ടുപിടിത്തം വന്നാലും അതിനെ എതിർക്കുന്നവർ ലുഡൈറ്റ് അഥവാ വികസന വിരോധികൾ എന്ന് അറിയപ്പെടാൻ തുടങ്ങി. വൈദ്യുതി മുതൽ മൊബൈൽ ഫോൺ വരെ, കാലം അടയാളപ്പെടുത്തിയ എല്ലാ കണ്ടുപിടിത്തങ്ങളിലും ഒരുകൂട്ടം ജനങ്ങൾ ആശങ്കപ്പെട്ടിരുന്നുവെന്ന് ചരിത്രം പറയുന്നു. നിർമ്മിതബുദ്ധിയോടുള്ള ചിലരുടെയെങ്കിലും മുൻവിധി ഈ ലുഡൈറ്റ് മനോഭാവം കൊണ്ടുതന്നെയാകാം.

ജീവൻ വെടിഞ്ഞ

റോബോ

മണിക്കൂറുകളുടെ ജോലി സമ്മർദ്ദം താങ്ങാനാവാതെ,​ നിർമ്മിതബുദ്ധിയിൽ പ്രവർത്തിച്ച റോബോ ദക്ഷിണ കൊറിയയിലെ സർക്കാർ ഓഫീസിൽ ആത്മഹത്യചെയ്തുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളെ ഞെട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. നഗരസഭാ കൗൺസിൽ ഓഫീസിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന റോബോയാണ് കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതത്രേ. മനനം ചെയ്യുക എന്നത് മനുഷ്യനു മാത്രം സാദ്ധ്യമായ ഒന്നെന്നു വിശ്വസിച്ചിരിക്കെ,​ സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം സ്വയം കൈക്കൊള്ളാൻ കൃത്രിമ നിർമ്മിതമായ റോബോയ്ക്ക് സാധിക്കുമോ എന്ന് ശാസ്ത്രലോകം അദ്ഭുതപ്പെട്ടു.

മനുഷ്യനും നിർമ്മിതബുദ്ധിയും തമ്മിലുള്ള അന്തരം കാലക്രമേണ നേർത്തുവരുന്നതിന്റെ സൂചനയായി സംഭവം വ്യാഖ്യാനിക്കപ്പെട്ടു. സെൻസറുകളുടെ തകരാർ മൂലമാകും റോബോ നശിച്ചതെന്നാണ് സൂചന. എന്നിരുന്നാലും,​ മാറ്റിനിറുത്തിയാലും നിർമ്മിതബുദ്ധി ഇനിയങ്ങോട്ട് ഒപ്പമുണ്ടാകുമെന്നും ഇത്തരം സംഭവങ്ങളിലൂടെ മനുഷ്യൻ മനസിലാക്കിത്തുടങ്ങി. നിത്യജീവിതത്തിൽ തീ ഉപയോഗിക്കുമെങ്കിലും തീയിൽ നേരിട്ട് തൊടാതിരിക്കാനുള്ള മുൻകരുതലുകളും അഥവാ തൊട്ട് കൈപൊള്ളിയാൽ ചെയ്യേണ്ട കാര്യങ്ങളും ഇതിനോടകം പ്രായോഗിക ബുദ്ധിയിലൂടെ നമ്മൾ മനസിലാക്കിയിട്ടുണ്ടല്ലോ. നിർമ്മിത ബുദ്ധിയുടെ കാര്യത്തിലും കൈവശപ്പെടുത്തേണ്ടത് ഈ പ്രായോഗിക ബുദ്ധിയാണ്.

ബോക്സ്

------------

കൊച്ചിയിൽ

എ.ഐ അരങ്ങ്

നിർമ്മിതബുദ്ധിയുടെ സാദ്ധ്യതകളിലേക്ക് വെളിച്ചംവീശാനും സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കാനും സാധാരണക്കാരിലേക്ക് എ.ഐ എത്തിക്കാനും സർക്കാരും ഐ.ബി.എമ്മും ചേർന്നു നടത്തുന്ന രാജ്യത്തെ ആദ്യ ദ്വിദിന ജെൻ എ.ഐ കോൺക്ലേവ് കൊച്ചിയിൽ നാളെ ആരംഭിക്കും. നാളെ രാവിലെ 10.15ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് അടക്കം പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ, സാങ്കേതികവിദഗ്ദ്ധർ, വിദ്യാ‌ർത്ഥികൾ എന്നിവർ കോൺക്ലേവിന്റെ ഭാഗമാകും.

 കേരളത്തെ നിർമ്മിതബുദ്ധിയുടെ ഹബ്ബായി മാറ്റാനുള്ള സർക്കാരിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് എ.ഐ കോൺക്ലേവ്. നിക്ഷേപകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്ക് കോൺക്ലേവ് മുതൽക്കൂട്ടാകും. ചർച്ചകളും സെമിനാറുകളും എ.ഐയെക്കുറിച്ചുള്ള നൂതന ആശയങ്ങൾ പങ്കിടാനുള്ള വേദിയാകും.
- പി.രാജീവ്, വ്യവസായ മന്ത്രി

ആർ.സി.സിയിൽ അടക്കം സൈബർ ആക്രമണങ്ങളുണ്ടായ സാഹചര്യത്തിൽ സൈബർ സുരക്ഷയ്ക്ക്

എ.ഐ അധിഷ്ഠിത സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. സാധാരണക്കാർക്ക്,​ തങ്ങൾക്കു കിട്ടുന്ന സന്ദേശങ്ങളും മെയിലുകളും യഥാർത്ഥമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളും പുറത്തിറക്കും. ഈ വർഷം അവസാനത്തോടെ ക്രമസമാധാന മേഖലയിലാകെ എ.ഐയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും.

- ഹരിശങ്കർ, സൈബർ ഓപ്പറേഷൻസ് എസ്.പി

 നിർമ്മിതബുദ്ധിക്ക് രണ്ടു വശങ്ങളുണ്ട്. ജെമിനി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമ്മിക്കാം. അതേസമയം, ജോലികൾ നിർമ്മിതബുദ്ധിക്ക് വേഗത്തിൽ ചെയ്യാനാവുന്നതിനാൽ ജീവനക്കാരുടെ എണ്ണം കമ്പനികൾ വെട്ടിച്ചുരുക്കിയേക്കാം. മനുഷ്യന്റെ സമയം ലാഭിക്കുന്നതു തന്നെയാണ് എ.ഐ കൊണ്ടുവന്നതിന്റെ ലക്ഷ്യം.

- വി.എച്ച്. മുഫീദ്. സ്റ്റിഷൻ സൈബർ സെക്യൂരിറ്റി കമ്പനി സ്ഥാപകൻ

(ആദ്യ എ.ഐ എൻജിനിയർ ദേവിക എ.ഐയുടെ നിർമ്മാതാവ്)


ലോകം എ.ഐ എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങുകയല്ല. എ.ഐയിലൂടെ ലോകം വികസിക്കുകയാണ്.

കുറച്ചുവർഷങ്ങൾക്കപ്പുറം വൈദ്യുതിയും വാഹനങ്ങളും പോലെ അധികം ശ്രദ്ധിക്കാത്ത,എന്നാൽ അവയില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന സാഹചര്യം ഐ.എയുടെ കാര്യത്തിലും കൈവരും. ഒരുവേള പഴക്കമായാൽ,എ.ഐയും ഉറ്റ തോഴനാകും. കാത്തിരിക്കാം, എ.ഐയുടെ കൂടുതൽ ജാലവിദ്യകൾക്കായി...

(പരമ്പര അവസാനിച്ചു)​