കല്ലമ്പലം: ദേശീയപാതയിൽ കടുവയിൽ പള്ളി മുതൽ തോട്ടയ്ക്കാട് പാലം വരെയും ഇട റോഡുകളിലും പൊതു നിരത്തുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാക്ഷേപം. രാത്രികാലങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ് ജനം. മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നടപടിയില്ലാത്തത് വീണ്ടും മാലിന്യം തള്ളാനുള്ള ലൈസൻസ് നൽകലാണെന്നും ആക്ഷേപമുണ്ട്.
2 ദിവസം മുമ്പ് ചെറുന്നിയൂർ പഞ്ചായത്തിൽ കല്ലുമലക്കുന്ന് റെയിൽവേ മേൽപാലത്തിന് സമീപത്ത് റോഡിൽ തള്ളിയ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ പരാതി ലഭിച്ച ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ സ്‌ഥലത്തെത്തി പരിശോധിച്ചു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ കവറുകൾ തുറന്ന് പരിശോധിച്ചപ്പോൾ ചില വ്യക്തികളുടെ പേര് വിവരങ്ങൾ കിട്ടി. തുടർന്നുള്ള അന്വേഷണത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന തുടരുമെന്നും അവർ അറിയിച്ചു.
ഇത് എല്ലാ പഞ്ചായത്തുകളും മാതൃകയാക്കിയാൽ ഒരു മാസം കൊണ്ട് പൊതു നിരത്തുകളിൽ മാലിന്യം തള്ളുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും. കല്ലമ്പലം മേഖലകളിൽ വർഷങ്ങളായി തുടരുന്ന മാലിന്യം തള്ളൽ തടയാൻ ആരും തയാറായിട്ടില്ല. പ്രധാന കേന്ദ്രങ്ങളിൽ സിസി.ടി.വി സൗകര്യങ്ങളും ലഭ്യമാണ്. എന്നാൽ ഇതിന്റെ സഹായത്തോടെ ഒരു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതിൽ റസിഡന്റ്സ് അസോസിയേഷനുകളും സംഘടനകളും പ്രതിഷേധിച്ചു.