കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവ് പുതിയ പാലത്തിൽ സ്ഥാപിച്ച വഴിവിളക്കുകൾ അപകടക്കെണിയാകുന്നു.വെളിച്ചത്തിനായി സ്ഥാപിച്ച വഴി വിളക്കുകളുടെ കാലുകൾ തുരുമ്പ് കയറി ദ്രവിച്ചതോടെ ഇവ ഏത് നിമിഷവും നിലം പതിച്ചേക്കാവുന്ന അവസ്ഥയിലാണ്.
എം.എൽ.എ വി.ശശിയുടെ ആസ്തി വികസന 2019-2020ലെ ഫണ്ടിൽ നിന്നും 4,92,343 രൂപ ചെലവഴിച്ചു സ്ഥാപിച്ച വഴിവിളക്കുകളിൽ മീരാൻകടവ് പാലത്തിന് മുകളിൽ സ്ഥാപിച്ചവയാണ് ഇത്തരത്തിൽ അപകടകരമായ അവസ്ഥയിലുള്ളത്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളിൽ ഭൂരിഭാഗവും തുരുമ്പ് പിടിച്ച് എപ്പോൾ വേണമെങ്കിലും തകർന്നുവീഴുന്ന അവസ്ഥയിലാണുള്ളത്. എത്രയും പെട്ടെന്ന് ഈ വിളക്ക് കാലുകൾ അറ്റകുറ്റപ്പണികൾ തീർത്ത് ബലപ്പെടുത്തിയില്ലെങ്കിൽ ഇവ യാത്രക്കാരുടെ മേൽ പതിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
വെളിച്ചം വിനയാകുന്നു
ഉപ്പ് കാറ്റിന്റെ നശീകരണ സ്വഭാവമാണ് ഇത്തരത്തിൽ വഴിവിളക്കുകളുടെ കാലുകൾ വേഗത്തിൽ ദ്രവിക്കുന്നത്.എത്ര തന്നെ മുൻകരുതലുകൾ എടുത്താലും ദ്രവിക്കും.ഇടവിട്ടുള്ള അറ്റകുറ്റപ്പണിയിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ.ഈ നില തുടർന്നാൽ ഈ കാലുകൾ വലിയ അപകടത്തിന് കാരണമാകും.