വിതുര: തൊളിക്കോട് പഞ്ചായത്തിൽ പനി പടർന്നുപിടിക്കുന്നു. കടുത്ത പനി, ശക്തമായ തലവേദന, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, തുമ്മൽ, തൊണ്ടവേദന എന്നീ അസുഖങ്ങളാണ് വ്യാപകമാകുന്നത്. രണ്ടാഴ്ചയായി ഇതാണ് സ്ഥിതിവിശേഷം. പനി കടന്നുചെല്ലാത്ത മേഖലകൾ വിരളമാണ്.
കുട്ടികൾക്കിടയിലും രോഗവ്യാപനം രൂക്ഷമാണ്. വിദ്യാലയങ്ങളിൽ ഹാജർനിലയുംകുറഞ്ഞു. ഇതിനിടയിൽ ചിലർക്ക് ഡെങ്കിപ്പനിയും പിടികൂടിയിരുന്നു. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് പനി പിടികൂടുന്നത്. വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി, തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രം, മലയടി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി ആയിരങ്ങളാണ് ചികിത്സ തേടിയെത്തുന്നത്.
വൻ തിരക്ക്
ആയുർവേദ, ഹോമിയോ ആശുപത്രികളിൽ രോഗബാധിതരുടെ വൻ തിരക്കാണ്. സ്വകാര്യ ആശുപത്രികളിലെ അവസ്ഥയും വിഭിന്നമല്ല. വിതുര ആശുപത്രിയിൽ രോഗികൾ നിറഞ്ഞു. കിടത്തി ചികിത്സ നൽകാൻ കഴിയാത്ത അവസ്ഥയിലുമാണ്. തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇതുവരെ ഇൻപേഷ്യന്റ് വിഭാഗം ആരംഭിച്ചിട്ടില്ല.
മെഡിക്കൽക്യാമ്പും മരുന്നുവിതരണവും
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അനവധി പേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും റഫർ ചെയ്തിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിൽ രോഗികൾ കൂടുന്നതിനാൽ മെഡിക്കൽക്യാമ്പും, മരുന്നുവിതരണവും നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആശുപത്രിക്കും രോഗം
ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന തൊളിക്കോട് ആശുപത്രിയെ നാട്ടുകാരുടെ അഭ്യർത്ഥനമാനിച്ച് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി നാല് വർഷമായിട്ടും അടിസ്ഥാനപരമായ സൗകര്യങ്ങളൊന്നും ഇതുവരെ സജ്ജമാക്കിയിട്ടില്ല. വേണ്ടത്ര ഡോക്ടർമാരേയോ സ്റ്റാഫുകളേയോ ഇതുവരെ നിയമിച്ചിട്ടില്ല. ഇൻപേഷ്യന്റ് വിഭാഗവും ആരംഭിച്ചിട്ടില്ല. ആശുത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധിതവണ നിവേദനം നൽകിയിട്ടുണ്ട്. സമരപരമ്പരകളും അരങ്ങേറി. ആശുപത്രിയിൽ കിടത്തിചികിത്സ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാഗ്ദാനം കടലാസിലുറങ്ങുകയാണ്.