sea-port

തിരുവനന്തപുരം: കേരളത്തിന്റെ വൻ വികസനസ്വപ്നം സാഫല്യ തീരത്തടുക്കുന്നു. ഇതിന്റെ വിളംബരമായി, സാൻ ഫെർണാണ്ടോ മദർഷിപ്പ് വിഴിഞ്ഞത്ത് നാളെ എത്തും. വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. അന്നുതന്നെ തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്തംബർ -ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. സർക്കാർ, സ്വകാര്യപങ്കാളിത്തത്തിൽ നടപ്പാക്കുന്ന വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ നിക്ഷേപമാണ്. ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്നറുകളാവും പ്രധാനമായും കൈകാര്യം ചെയ്യുക.

ചൈനയിലെ സിയാമെനിൽ നിന്ന് പുറപ്പെട്ട സാൻ ഫെർണാണ്ടോയിലെ 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കും. 400 കണ്ടെയ്നറുകൾ രണ്ടു ചെറുകപ്പലുകളിൽ കൊണ്ടുപോകും.

ട്രയൽ രണ്ട് - മൂന്നു മാസം തുടരും. 400 മീറ്റർ നീളമുള്ള കൂറ്റൻ കണ്ടെയ്നർ കപ്പൽ ആഴ്ചകൾക്കുള്ളിൽ എത്തും.

ചടങ്ങിൽ മന്ത്രി വാസവൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. മന്ത്രിമാരായ കെ.രാജൻ, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, സജി ചെറിയാൻ, ജി. ആർ. അനിൽ, ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, എം.വിൻസെന്റ് എം.എൽ.എ, അദാനി പോർട്ട് സി.ഇ.ഒ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.

മദർഷിപ്പുകൾ എത്തിക്കും; ചെറുകപ്പലിൽ കയറ്റിവിടും

കമ്മീഷനിങ്ങോടെ, ലോകത്തെ മുൻനിര ഷിപ്പിംഗ് കമ്പനികൾ ചരക്കുമായി വരും. മദർഷിപ്പുകൾ ഇറക്കുന്ന നൂറുകണക്കിന് കണ്ടെയ്നറുകൾ ചെറു കപ്പലുകൾ സമീപ രാജ്യങ്ങളിലും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലുമെത്തിക്കും.

പൂർത്തിയായത്

 2960 മീറ്റർ പുലിമുട്ട്

 800 മീറ്റർ ബർത്ത്

 600 മീറ്റർ റോഡ്