k

തിരുവനന്തപുരം: ഉപയോഗശൂന്യമായ ചകിരിയുടെ തൊണ്ടിൽ നിന്ന് ആക്ടിവേറ്റഡ് കാർബൺ ഉത്പാദിപ്പിച്ച് വഴുതക്കാട് ഗവ.വിമെൻസ് കോളേജിലെ വിദ്യാർത്ഥികൾ. കോളേജിലെ കേന്ദ്രീകൃത കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി സെന്ററിലാണ് ഗവേഷണം നടത്തിയത്. മൈക്രോവേവ് ഫർണസ് എന്ന ഉപകരണത്തിൽ തൊണ്ട് വച്ച് നൈട്രജൻ കടത്തിവിട്ട് ശുദ്ധമായ കാർബൺ ആദ്യമുണ്ടാക്കും. പിന്നീട് മറ്റൊരു ഫർണസിൽ ഇതുവച്ച് ചില രാസപദാർത്ഥങ്ങൾ ചേർത്ത് ആക്ടിവേറ്റഡ് കാർബൺ ഉണ്ടാക്കിയെടുക്കും.ആക്ടിവേറ്റഡ് കാർബൺ ഉപയോഗിച്ച് സൂപ്പർ കപാസിറ്ററുകളും സംഘം നിർമ്മിച്ചു.

പരീക്ഷണാടിസ്ഥാനത്തിലായതിനാൽ ചെറിയ ഭാരമുള്ള കപ്പാസിറ്ററാണ് നിർമ്മിച്ചത്. എന്നാൽ,കൂടുതൽ നേരം ചാർജ് സൂക്ഷിക്കാൻ ഇവയ്ക്കാവും. 20 മിനിറ്റോളം എൽ.ഇ.ഡി പ്രകാശിപ്പിക്കാനായി. കണ്ടുപിടിത്തം പേറ്റന്റിനായി അയച്ചിട്ടുണ്ട്. ഗവേഷണം അടുത്തിടെ അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേർണലായ സസ്‌റ്റൈനബിൾ റിസോഴ്സ് മാനേജ്മെന്റിൽ പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ സൂപ്പർ കപ്പാസിറ്ററുകൾ നിർമ്മിക്കുന്നത് ചെലവ് കുറഞ്ഞ രീതിയാണെന്ന് സംഘം പറയുന്നു. കപ്പാസിറ്ററുകൾ നിർമ്മിക്കുന്നതിന് പുറമേ, ജലം ശുദ്ധീകരിക്കാനും ആക്ടിവേറ്റഡ് കാർബൺ ഉപയോഗിക്കാം.

ഒരുവർഷത്തെ അദ്ധ്വാനം

ഗവേഷക വിദ്യാർത്ഥികളായ മെറിൻ ടോമി,അനു,ഗണേഷ്,ശ്രീലക്ഷ്മി എന്നിവർ ഒരുവർഷമെടുത്താണ് ആക്ടിവേറ്റഡ് കാർബണും സൂപ്പർ കപ്പാസിറ്ററും നിർമ്മിച്ചത്. ഫിസിക്സ് വിഭാഗത്തിലെ ഡോ.സേവ്യർ.ടി.എസ് ഗവേഷണത്തിന് നേതൃത്വം നൽകി. 2021ൽ സർക്കാർ സഹായത്തോടെയാണ് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി സെന്റർ രൂപീകരിച്ചത്.