തിരുവനന്തപുരം: ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. അതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങിന് മുമ്പ് ട്രയൽ റൺ നടത്തുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡ്വെൽ ടൈംസ്, വെസൽ ടേൺറൗണ്ട്, ബെർത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിൾ സർവീസ് ടൈം, ഷിപ്പ് ഹാൻഡ്ലിംഗ് പ്രൊഡക്ടിവിറ്റി, ക്രെയിൻ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളിൽ ആഗോള നിലവാരം നിർബന്ധമാണ്.

ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രവർത്തനവൈദഗ്ദ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്നറുകൾ ഘടിപ്പിച്ച ബാർജുകൾ മതിയാകില്ല. യഥാർത്ഥ കണ്ടെയ്നറുകൾ വിന്യസിക്കുന്ന ട്രയൽ റൺ നടത്തി വിജയിക്കണം.

തുറമുഖത്തിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ വളരെ വേഗം പുരോഗമിക്കുകയാണ്. ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മിഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ്, 220 കെ.വി സബ് സ്റ്റേഷൻ, 33 കെ.വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്നർ ബാക്കപ്പ് യാർഡ് എന്നിവയും റെഡിയായി.

പ്രിൻസിപ്പൽ സെക്രട്ടറി കെ .എൻ ശ്രീനിവാസ്, അദാനി പോർട്ട് സി. ഒ. ഒ പ്രദീപ് ജയരാമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.