ഉദിയൻകുളങ്ങര: മഴക്കാല ശുചീകരണങ്ങൾ നാമമാത്രമായി ഒതുങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിൽ നെയ്യാറ്റിൻകര. മഴക്കാല രോഗങ്ങൾ തടയാൻ പഞ്ചായത്തുകളും നെയ്യാറ്റിൻകര നഗരസഭയും നപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിലും നഗരസഭയിലും വാർഡുതല ഫണ്ടുകളുണ്ടായിട്ടും ശുചീകരണം വേണ്ടവിധം നടക്കുന്നില്ലെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിക്കുന്നു. ശുചീകരണം നടക്കാതായയതോടെ റോഡരികുകളും ഓടകളും തോടും മാലിന്യം കൊണ്ട് നിറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനെതിരെ പ്രതിപക്ഷ പാർട്ടിയായ നെയ്യാറ്റിൻകര നഗരസഭയിലെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ജീവനക്കാരുമില്ല

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോലും അത്യാവശ്യത്തിന് ഡോക്ടർമാരോ മറ്റ് ജീവനക്കാരോ ഇല്ലെന്ന പരാതി വ്യാപകമാണ്.അതിനാൽ മണിക്കൂറുകളോളം ക്യൂ നിന്നാണ് രോഗികൾ ഡോക്ടർമാരെ കാണുന്നത്.

പ്രവർത്തനരഹിതമായി

ആശുപത്രിയുടെ മാലിന്യ പ്ലാന്റുകൾ നിർവീര്യമായിട്ട് വർഷങ്ങൾ ഏറെയായെങ്കിലും പരിഹാരം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രിയിലുടനീളം ദുർഗന്ധമാണെന്നാണ് രോഗികൾ പറയുന്നത്.

മാലിന്യ നിർമാർജ്ജനത്തിലും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിലും ഗ്രാമപഞ്ചായത്തുകളെ വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിയാത്ത ആരോഗ്യവകുപ്പിന്റെ വീഴ്ച പ്രതിഷേധാർഹമാണ്.

മഞ്ചവിളാകം കാർത്തികേയൻ

ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം