തിരുവനന്തപുരം: വലിയതുറയിൽ ടൂറിസം സാദ്ധ്യമാക്കാനും വികസനത്തിനുമായി മാരിടൈം ബോർഡ് ടെൻഡർ ക്ഷണിച്ചു. സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി മോഡൽ) വികസനം നടപ്പാക്കുകയാണ് ലക്ഷ്യം. വലിയതുറ കടൽപ്പാലത്തെ നവീകരിച്ച് ടൂറിസം കേന്ദ്രമായി ഉയർത്തും. മൂന്ന് മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കും. 4.5 ഏക്കർ ഭൂമിയാണ് ആവശ്യം. തുറമുഖ വകുപ്പിന്റെ കൈവശം ഭൂമിയുണ്ടെങ്കിലും നിലവിൽ അവിടെ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്.

പദ്ധതിയുടെ വികസനത്തിനായി പ്രത്യേക നിരീക്ഷണ കമ്മിറ്റിയും രൂപീകരിച്ചു. കൃത്യമായ ഇടവേളകളിൽ കമ്മിറ്റി അവലോകന യോഗങ്ങൾ ചേരും. ഇവിടത്തെ ഗോഡൗണുകൾ തുറമുഖ വകുപ്പിന്റെയോ മാരിടൈം ബോർഡിന്റെയോ അല്ല. ഇതിന് നഗരസഭ അനുമതിയും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ നഗരസഭയുമായി ചർച്ച ചെയ്ത് തുടർ നടപടികളെടുക്കും. ഇതിനുശേഷമേ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാകൂ. 2025ൽ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

കടൽപ്പാല ടൂറിസം

1956ലാണ് 214 മീറ്റർ നീളത്തിൽ വലിയതുറ കടൽപ്പാലം നിർമ്മിച്ചത്. ഇവിടത്തെ സാദ്ധ്യതകൾ വിലയിരുത്തി ഇവിടെ ടൂറിസം ഹബ്ബാക്കാനാണ് ലക്ഷ്യം. നിലവിൽ പാലം തകർച്ചയുടെ വക്കിലാണ്. ഒരു ഭാഗം അടർന്ന് കടലിൽ വീണു. പാലത്തിന്റെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടും. ഇതിനായി ചെന്നൈ ഐ.ഐ.ടിയിൽ നിന്നുള്ള സംഘം പാലം സന്ദർശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ എങ്ങനെ വേണമെന്നതു സംബന്ധിച്ചാണ് സംഘം പഠിച്ചത്. പാലത്തിന്റെ ശക്തി, നവീകരണ സാദ്ധ്യതകൾ, പൊതുജനത്തിന്റെ സുരക്ഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണം നടത്തുന്നത്. പാലത്തിന്റെ അടിഭാഗത്തുള്ള തൂണുകൾ കടലിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുനർനിർമ്മാണത്തിന് കൂടുതൽ തുക വേണ്ടിവരും. 50 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലം ശക്തിപ്പെടുത്തുക,​ തകർന്ന ഭാഗം പുനർനിർമ്മിക്കുക,​ നീളം കൂട്ടുക എന്നിവയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇതുകഴിഞ്ഞ് തീരം സംരക്ഷിക്കാനുള്ള പദ്ധതികളും വേണം. തുടർന്നാണ് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കേണ്ടത്.

നമ്പർ വൺ സ്പോട്ട്

വലിയതുറ കടൽപ്പാലം പഴയ പ്രൗഢിയിലായാൽ ജില്ലയിലെ നമ്പർ വൺ ടൂറിസ്റ്റ് സ്പോട്ടാകും. സഞ്ചാരികൾ കൂടുതലായി എത്തി ടൂറിസം സാദ്ധ്യത വർദ്ധിച്ചാൽ തദ്ദേശീയ ജനങ്ങൾക്കും അത് ഗുണം ചെയ്യും.