തിരുവനന്തപുരം:എസ്.എഫ്.ഐ അതിക്രമത്തിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെയും കെ.എസ്.യു നടത്തിയ നിയമാസഭാ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ നിരവധി തവണ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറുകയും കല്ലേറ് നടത്തുകയും ചെയ്തതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ച പൊലീസ്, പ്രവർത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.
ബാരിക്കേഡ് തള്ളിയിട്ട് പ്രവർത്തകർ മുന്നേറാൻ ശ്രമിക്കുകയും സമരം പാളയം സ്റ്റാച്യു റോഡിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതോടെ പ്രവർത്തകരും പൊലീസും തമ്മിലുള്ള കൈയാങ്കളി സംഘർഷത്തിലെത്തുകയായിരുന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പ്രവർത്തകർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിവിൽ പൊലീസ് ഓഫീസർ ആദർശിനും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
കെ.എസ്.യുവിന്റെ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. എല്ലാ ക്യാമ്പസുകളിലും ഇരുണ്ട മുറികൾ കൈകാര്യം ചെയ്യുന്ന എസ്.എഫ്.ഐക്ക് സർക്കാർ കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക,ഇഗ്രാന്റ് വിതരണം കൃത്യമാക്കുക,സ്‌കോളർഷിപ്പുകൾ പുനഃസ്ഥാപിക്കുക,ബസ് കൺസഷനിൽ കൃത്യമായ ഇടപെടൽ നടത്തുക,നാലുവർഷ ഡിഗ്രി കോഴ്സിലെ പിഴവുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.യു അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചത്.
മാർച്ചിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെയും നേതാക്കളെയും ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന നേതൃത്വം അറിയിച്ചു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും,യൂണിറ്റ് തലങ്ങളിൽ കരിദിനമാചരിക്കുകയും ചെയ്യുമെന്ന് കെ.എസ്.യു നേതൃത്വം അറിയിച്ചു.