പാലോട്: അഞ്ച് പഞ്ചായത്തുകൾ നേരിടുന്ന യാത്രാ ദുരിതത്തിന് ചെല്ലഞ്ചിപാലം അറുതിവരുത്തുമെന്ന ഒരു നാടിന്റെ പ്രതീക്ഷയ്ക്ക് അഞ്ച് വർഷമായിട്ടും നടപടിയില്ല. നന്ദിയോട് - കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെല്ലഞ്ചിയിൽ പാലംപണി പൂർത്തിയായിട്ട് അഞ്ചു വർഷം കഴിഞ്ഞു. പാലത്തിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് അന്ന് നാട്ടുകാർ നിവേദനവും നൽകി. പക്ഷേ ബസ് മാത്രം വന്നില്ല. പരാതികൾ പലതവണ പറഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കാൻ തയാറായിട്ടില്ല. സ്വകാര്യ സർവീസുകൾക്ക് അനുമതിയും നൽകിയിട്ടില്ല. ഒടുവിൽ നവകേരള സദസിലും വകുപ്പ് മന്ത്രിക്കും വരെ നിവേദനം നൽകി. തീരുമാനം മാത്രമായില്ല. വർഷങ്ങൾ നീണ്ട സമരത്തിനൊടുവിലാണ് ചെല്ലഞ്ചിയിൽ പാലം വന്നത്. ഇനി ഇവിടെ ബസ് സർവീസ് തുടങ്ങാനും അടുത്ത സമരം വേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്.
മിതൃമ്മല, കല്ലറ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ നിന്നും വീട്ടിലെത്താൻ ആദ്യം മുതുവിളയെത്തണം. പിന്നെ ഇവിടെനിന്ന് 6 കിലോമീറ്റർ സഞ്ചരിക്കണം. സന്ധ്യയായാൽ വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന സ്ഥലമാണ് ഇവിടം. ഈ വഴി നടന്നുവേണം വീടെത്താൻ.
പാലത്തെ ആശ്രയിക്കുന്നത്
നന്ദിയോട്, കല്ലറ, പുല്ലമ്പാറ, പാങ്ങോട്, പനവൂർ പഞ്ചായത്തുകൾ
വികസനം സ്വപ്നത്തിൽ
വിനോദ സഞ്ചാരകേന്ദ്രങ്ങളായ വർക്കലയേയും പൊന്മുടിയേയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാരത്തിനുള്ള ഇടത്താവളമാക്കി ചെല്ലഞ്ചിപ്പാലത്തെ മാറ്റുമെന്ന് പ്രഖ്യപിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. ഇത് യാഥാർത്ഥ്യമായാൽ വർക്കല ബീച്ചിൽ നിന്ന് ആറ്റിങ്ങൽ - വെഞ്ഞാറമൂട് - നന്ദിയോട് - വിതുര വഴി പൊന്മുടിയിലെത്താം. സഞ്ചാരികൾക്കുള്ള ഇടത്താവളമെന്ന നിലയിൽ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കുമെന്നും നദീ സംരക്ഷണത്തിനായി 25 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 24 ഫെബ്രുവരി 2022ൽ പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനം മാത്രം
പ്രകൃതിയുടെ സൗന്ദര്യം നുകരാൻ പാലത്തിലെത്തുന്നവർക്കായി ഇരിപ്പിടവും കുട്ടികൾക്ക് പാർക്കും നിർമ്മിക്കുമെന്നും നദിയിൽ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ പാലത്തിന് മുകളിൽ ഫെൻസിംഗുകളും നിരീക്ഷണത്തിനായി സി.സി ടി.വി കാമറ സംവിധാനവും സഞ്ചാരികൾക്കായി കംഫ്റ്റീരിയയും ഒരുക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ നാളിതുവരെ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഇവിടം ലഹരിയുടെ പിടിയിലാണ്.