തിരുവനന്തപുരം: ''തീരത്തു നിന്ന് അര നോട്ടിക്കൽ മൈൽ മുന്നോട്ടു പോയപ്പോൾ തന്നെ കടലിന് ആഴമുണ്ടെന്നു മനസിലായി. 'സൗണ്ടിംഗ് റോപ്പി'റക്കി പരിശോധിച്ചു.പെട്ടെന്ന് ഒരു തിരയടിച്ച് വളളം ആടിയുലഞ്ഞു. കടലിലേക്ക് വീഴാൻപോയ എന്നെ രക്ഷിച്ചത് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായിരുന്നു.''
1946ലെ ഓർമ്മകളിലേക്ക് പോകുമ്പോൾ 102 കാരനായ ജി.ഗോവിന്ദമേനോന്റെ മുഖത്ത് അഭിമാനത്തിന്റെ തിരയിളക്കം. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് ദിവാൻ സി.പി.രാമസ്വാമി അയ്യർ നിയോഗിച്ച ഉദ്യോഗസ്ഥനായിരുന്നു മേനോൻ. ''നാല് ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു പഠനം. സി.പി ഇംഗ്ലണ്ടിൽ നിന്നും ക്ഷണിച്ചുവരുത്തിയ വിദഗ്ദ്ധന്റെ നിർദ്ദേശാനുസരണം. പൊലീസ് സ്റ്റേഷനടുത്തുള്ള തീരമായിരുന്നു കേന്ദ്രം. വിഴിഞ്ഞം മുതൽ അടിമലത്തുറ വരെ കടലിന്റെ ആഴമളന്നു. 1947ൽ റിപ്പോർട്ട് നൽകി. പക്ഷേ പിന്നീട് പദ്ധതി ഇല്ലാതായി. ഇല്ലെങ്കിൽ പണ്ടേ വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുമായിരുന്നു''
കവടിയാറിലെ 'മേടയിൽ വീട്ടി'ലിരുന്ന് പോയകാലം ഓർത്തെടുക്കുകയാണ് ഗോവിന്ദ മേനോൻ. ''അച്ഛൻ വിഴിഞ്ഞത്തെപ്പറ്റി ഓർക്കാറില്ലായിരുന്നു. അദാനി ഗ്രൂപ്പ് നിർമ്മാണം ഏറ്രെടുത്തതോടെയാണ് വീണ്ടും സംസാരിച്ചുതുടങ്ങിയത്. ക്രെയിനുമായി കപ്പൽ വന്നപ്പോൾ അവിടെ പോയിരുന്നു'' മകൻ ശശികുമാർ പറഞ്ഞു.
.തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്നും 1944ൽ മെക്കാനിക്കൽ എൻജിനിയറിംഗ് പരീക്ഷ ഒന്നാം ക്ലാസിൽ പാസായ ശേഷമാണ് മേനോൻ സർക്കാർ സർവീസിൽ പ്രവേശിച്ചത്. വിമാനത്താവളത്തിലായിരുന്നു ആദ്യ നിയമനം. കഴക്കൂട്ടത്ത് പുതിയൊരു വിമാനത്താവളം നിർമ്മിക്കാൻ തിരുവിതാംകൂർ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. എയർപോർട്ട് നിർമാണ വിഭാഗത്തെയാണ് വിഴിഞ്ഞം പദ്ധതിയുടെ പണി ഏൽപ്പിച്ചത്. ബ്രിട്ടനിൽ നിന്നെത്തിയ വിദഗ്ദ്ധർ ഗോവിന്ദമേനോനൊപ്പം വിഴിഞ്ഞത്തെ കരയും കടലും പരിശോധിച്ചു. വിഴിഞ്ഞം പദ്ധതിക്കായി ഗംഗയാർ തോടു വഴി വെള്ളായണി കായലിൽ നിന്നും ശുദ്ധജലം എത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. പിന്നീട് സർ സി.പി പോയി. തിരു-കൊച്ചി രൂപീകരണത്തോടെ, തുറമുഖമായി കൊച്ചി മതിയെന്ന തീരുമാനമുണ്ടായി.
തിരുമല ടു വിഴിഞ്ഞം
@സൈക്കിൾ
പറവൂരിലെ അസിസ്റ്റന്റ് ദിവാൻ പേഷ്‌ക്കാർ എൻ.ഗോവിന്ദപ്പണിക്കരുടെയും ജാനകി അമ്മയുടെയും മകനാണ് ഗോവിന്ദമേനോൻ. തിരുമലയിൽ നിന്ന് സൈക്കിളിലാണ് വിഴിഞ്ഞത്തു വന്നിരുന്നത്. ഭവാനിഅമ്മയുമായുള്ള വിവാഹശേഷം വെങ്ങാനൂരിനടുത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചു. ഈ വീടിപ്പോൾ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റേതാണ്. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ജയകുമാർ ഇളയ മകനാണ്. ഗീതാനായർ, ഹരികുമാർ, ശശികുമാർ, അജിത്‌കുമാർ എന്നിവരാണ് മറ്റ് മക്കൾ. ഇപ്പോൾ കാഴ്ചയ്ക്ക് ചെറിയൊരു തകരാറുണ്ടെന്നതൊഴിച്ചാൽ മറ്റ് അരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. രാവില 5.30ന് എണീക്കും. യോഗ ചെയ്ത് ദിനം ആരംഭിക്കും.