വെള്ളറട: മലയോരത്തേ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. സർക്കാർ -സ്വകാര്യ ആശുപത്രികളിൽ വൈറൽ പനി പടർന്നുപിടിച്ചതോടെ രോഗികൾ വലയുകയാണ്.
സർക്കാർ ആശുപത്രിയിൽ പനി ബാധിച്ചെത്തുന്നവർ ഡോക്ടറെ കാണാൻ ഒ.പി എടുക്കുന്നതു മുതൽ ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിനിടയിൽ പലരും അവശരാകുന്നതും കാണാം. വൈറൽ പനിയും ഡെങ്കിപ്പനിയും വ്യാപകമായിട്ടുണ്ട്.
പനി വന്നാൽ ക്ഷീണവും വിറയലും ശരീര വേദനയുമായാണ് രോഗികൾ എത്തുന്നത്.
വെള്ളറട സർക്കാർ ആശുപത്രിയിൽ ചൊവ്വാഴ്ച മാത്രം 659 പേർ പനിബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ബുധനാഴ്ച 12 മണിയോടുകൂടി 300 ലധികം പേരാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയത്.
വലഞ്ഞ് രോഗികൾ
കുന്നത്തുകാൽ സർക്കാർ ആശുപത്രിയും അമ്പൂരി, മായത്തും, പൂഴനാടും ആശുപത്രികളിൽ പനിബാധിച്ചെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സർക്കാർ ആശുപത്രികളിൽ മണിക്കൂറോളം ക്യൂവിൽ നിന്ന് ഡോക്ടറെ കാണാൻ കഴിയാത്തവരാണ് സ്വകാര്യ ആശുപത്രികളിൽ അഭയം തേടുന്നത്.
അടിയന്തര ഇടപെടൽ വേണം
പനി പടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ആവശ്യമായ മരുന്നുകളും എത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വെള്ളറടയിൽ ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കിയാൽ രോഗികളുടെ പ്രശ്നങ്ങൾക്ക് ഏറക്കുറെ പരിഹാരമാകും.
കൊതുക് ശല്യവും ഏറെ
മഴയ്ക്കു മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമായി നടന്നില്ല. ഇതുകാരണം കൊതുക് ശല്യവും വർദ്ധിച്ചിട്ടുണ്ട്. ഓരോ വാർഡിലും ശുചീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ചിലവാർഡുകളിൽ പേരിനു മാത്രമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നതെന്ന് ആക്ഷേപവുമുണ്ട്.
കോളറയും
നെയ്യാറ്റിൻകര അമരവിളയിൽ കോളറ റിപ്പോർട്ടു ചെയ്തതോടെ മലയോര പ്രദശത്തെ ജനങ്ങൾ ആശങ്കയിലാണ്. എപ്പോഴും മലയോരത്താണ് പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിക്കുന്നത്.
മെഡിക്കൽ സംഘങ്ങൾ വേണം
പനി നിയന്ത്രിക്കാൻ കൂടുതൽ മെഡിക്കൽ സംഘങ്ങളെ മലയോര മേഖലയിൽ നിയോഗിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായാൽ പകർച്ചപ്പനി നിയന്ത്രണ വിധേയമാക്കാനാകും. മാലിന്യങ്ങളും പലഭാഗങ്ങളിൽ കുന്നുകൂടി കിടക്കുന്നത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കുന്നു.