പരമ്പരാഗത പാതകളെ പൂർണമായും ത്യജിച്ചുകൊണ്ടും കാമ്പും കാതലുമുള്ള പ്രമേയങ്ങളെ ബാലസാഹിത്യ കൃതികളിൽ സന്നിവേശിപ്പിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് 'അക്കുത്തിക്കുത്താന വരമ്പത്ത്" എന്ന ബാലനോവലിലൂടെ എഴുത്തുകാരനായ ജഗദീഷ് കോവളം. കവി, നോവലിസ്റ്റ്, കഥാകൃത്ത്, ജീവചരിത്രകാരൻ എന്നീ നിലകളിലൂടെ വളർന്ന് ബാലസാഹിത്യകാരൻ എന്ന തലത്തിലേക്കുയർന്ന എഴുത്തുകാരനാണ് ജഗദീഷ് കോവളം എന്നാണ് അവതാരികയിൽ പന്തളം ബാലൻ എഴുതുന്നത്. ഈ വാക്കുകൾ അടിവരയിടുന്നത് 'ബാലിശമല്ല ബാലസാഹിത്യം" എന്നുതന്നെയാണ്.
'അക്കുത്തിക്കുത്താന വരമ്പത്ത്" എന്ന ബാലസാഹിത്യകൃതിയെ സഗൗരവം ഉൾക്കൊണ്ടുകൊണ്ട് മലയാളത്തിന് സുപരിചിതനായ പാട്ടുകാരൻ പന്തളം ബാലൻ അവതാരികയിൽ പരാമർശിക്കുന്ന വസ്തുതകൾക്കു നേരെ ഇനിയും കാതടയ്ക്കാൻ പാടില്ല. അത്തരം ശ്രമങ്ങൾ മലയാള ബാലസാഹിത്യ ശാഖയുടെ നാമ്പൊടിക്കൽ തന്നെയാവും സാദ്ധ്യമാക്കുക എന്ന തോന്നൽ അനുവാചകരിൽ ഉളവാക്കുവാൻ പോന്ന തരത്തിൽ ആധികാരികവും വസ്തുനിഷ്ഠവുമായ തരത്തിലുള്ള പുസ്തകത്തിന്റെ അവതാരികയെ പരാമർശിക്കാതെ ഈ കൃതിയുടെ വായന പൂർണമാകില്ല.
ബാലസാഹിത്യ രചനയ്ക്കായി കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതിലുപരി, കുട്ടികളോളം കയറിച്ചെല്ലുക എന്ന തിരുത്തലാണ് കാലം ആവശ്യപ്പെടുന്നത്. ബാലസാഹിത്യമാണെങ്കിലും 'ഏജ് ന്യൂട്രൽ" ശ്രേണിയിൽ ഉൾപ്പെടുത്തി പ്രായഭേദമന്യേ ആർക്കും ആസ്വാദ്യമായ വായന സമ്മാനിക്കുന്ന പുസ്തകമാണ് 'അക്കുത്തിക്കുത്താന വരമ്പത്ത്." തന്റെ സാങ്കേതിക പരിജ്ഞാനത്തിന്റെ വെളിച്ചത്തിൽ കണ്ണൻ എന്ന ബാലൻ ചുരുളഴിക്കുന്ന കുറ്റകൃത്യങ്ങളുടെ കഥയെന്ന് ഒറ്റവാചകത്തിൽ പറയാമെങ്കിലും, പ്രാക്താന ഗോത്രസംസ്‌കൃതിയുടെ പശ്ചാത്തലത്തിൽ, അകത്തേത്തറ ചീക്കുഴിപാഡി കേന്ദ്രീകരിച്ച് കഥ പുരോഗമിക്കുമ്പോൾ നമുക്ക് അന്യമായതും, ലിപികളില്ലാത്തതുമായ പണിയ ഭാഷയുടെ മൊഴിച്ചന്തവും പണിയ കുലത്തിന്റെ ആചാരാനുഷ്ഠാനങ്ങളും പണിയപ്പാട്ടിന്റെ ചൊൽ വടിവുമൊക്കെ തൊട്ടാസ്വദിക്കാൻ വായനക്കാർക്ക് ഈ കൃതിയിലൂടെ അവസരമുണ്ടാകുന്നു.
അനർഹങ്ങളായ അധികാരലബ്ധികൾക്കായി അനീതികൾ പുലർത്തുന്നതിൽ കാടും നാടും വിഭിന്നമല്ലെന്ന് പുസ്തകം നമ്മെ പഠിപ്പിക്കുന്നു. കാടിനെ കുടിപോലെ കാക്കുന്ന ചീക്കുഴിപാഡിയിലെ മൂപ്പനായ കാവലൻ എന്ന ചെമ്മിയെ ചതിയിലൂടെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാൻ നടക്കുന്ന ഗൂഢതന്ത്രങ്ങളും, കാവലനു തുണയായി നിലകൊള്ളുന്ന ചാമിയെന്ന കാട്ടാനയുടെ മനോവികാരങ്ങളുമൊക്കെ വായനക്കാരെ അവർക്കന്യമായ ഒരു ചുറ്റുപാടിലേക്ക് കൂട്ടിക്കൊണ്ടുപോകാനും ആസ്വദിപ്പിക്കാനും പ്രാപ്തമാണ്.
ഊരൂട്ടമ്പലം അയ്യങ്കാളി - പഞ്ചമി വിദ്യാലയ ചരിത്രം, വില്ലുവണ്ടി, കല്ലുമാല സമരചരിത്രങ്ങൾ, താമരശ്ശേരി ചുരത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന കരിന്തണ്ടൻ മൂപ്പന്റെ ചരിത്രം, അരികുവത്‌കരിക്കപ്പെട്ടവരുടെ അതിജീവന ചരിത്രപാഠങ്ങൾ എന്നിവ കഥയ്ക്കുപരിയായി പുസ്‌തകം നൽകുന്ന സമ്മാനങ്ങളാണ്. അനുബന്ധമായി ഉൾക്കൊള്ളിച്ചിരിക്കുന്ന പണിയ - മലയാളം പദകോശം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭാഷയെക്കുറിച്ചുള്ള അറിവ് സമ്മാനിക്കുന്നു. സംഭവബഹുലവും ആകാംക്ഷാഭരിതവുമായ മുഹൂർത്തങ്ങൾ വായനക്ഷമതയ്ക്ക് ആക്കം കൂട്ടുന്നുമുണ്ട്. കഥാമുഹൂർത്തങ്ങൾക്കിണങ്ങിയ രീതിയിൽ അരവിന്ദ് സൂരി വരച്ച ചിത്രങ്ങൾ പുസ്‌തകത്തിന്റെ മാറ്റു കൂട്ടുന്നു.
പ്രസാധകർ: ബാക്ക്‌ലാഷ് പബ്ളിക്ക, തിരുവനന്തപുരം