dharna

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ധർണ നടത്തി.പഞ്ചായത്തിലെ 22 വാർഡിലും തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താതെ ഇരുട്ടിലായിട്ട് മാസങ്ങളായി.പലതവണ ഇക്കാര്യം ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതിയുണ്ട്.

ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളലും പതിവാണ്.വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി നാവായിക്കുളം സൗത്ത്,നോർത്ത് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്നലെ രാവിലെ പ്രതിഷേധ ധർണ നടത്തിയത്. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു,ജനറൽ സെക്രട്ടറി രാജീവ്.ഐ.ആർ,നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ് രാജീവ് ചിറ്റായിക്കോട്,പാർലമെന്ററി പാർട്ടി ലീഡർ നാവായിക്കുളം അശോകൻ,നോർത്ത് ഏരിയ പ്രഭാരി ബോസ് കുമാർ,പഞ്ചായത്തംഗങ്ങളായ ജിഷ്ണു എസ്.ഗോവിന്ദ്,കുമാർ.ജി,ബി.ജെ.പി നേതാക്കളായ വിജയൻ പിള്ള,പ്രകാശ് പൊന്നറ,അശോകൻ,ജയപ്രകാശ്,സന്തോഷ് പറകുന്ന് എന്നിവർ പങ്കെടുത്തു.