സിനിമാ ചിത്രീകരണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് താരം ഉർവശി റൗട്ടേല വേഗം സുഖം പ്രാപിക്കണേ എന്ന പ്രാർത്ഥനയിലാണ് ആരാധക ലോകം. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രത്തിന്റെ സംഘട്ടനരംഗം ഹൈദരാബാദിൽ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. എല്ലിന് പൊട്ടലുണ്ടായ ഉർവശിക്ക് മികച്ച ചികിത്സ നൽകിവരുന്നതായാണ് വിവരം. എൻ.ബി.കെ 1 09 എന്നു താത്കാലികമായി പേരിട്ട ചിത്രം ബോബി കൊല്ലി ആണ് സംവിധാനം ചെയ്യുന്നത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് ഉർവശി റൗട്ടേല. ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള ഉർവശി റൗട്ടേല തെലുങ്ക്, കന്നട, ബംഗാളി ചിത്രങ്ങളിൽ സജീവമാണ്. പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ദുൽഖർ സൽമാനും മുഖ്യ വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. സിതാര എന്റർടെയ്ൻമെന്റും ശ്രീതര സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.