photo

നെയ്യാറ്റിൻകര: തുണ്ടുവിളാകത്തെ കാരുണ്യ സ്‌പെഷ്യൽ സ്കൂൾ ഹോസ്റ്റലിൽ കോളറ പടരാൻ കാരണം ഹോസ്റ്റൽ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം. ഹോസ്റ്റലിലെ ഭക്ഷണ മാലിന്യങ്ങളും മുറികളിൽ നിന്നുള്ള മലമൂത്ര വിസർജ്യങ്ങളും ഇവിടെ ശേഖരിച്ചു വയ്ക്കാറുണ്ട്. ഇവ രാത്രി 12ന് ശേഷം പുറത്തുള്ള ഓടയിലേക്ക് പമ്പ് ചെയ്ത് ഒഴുക്കിവിടാറുണ്ടെന്നാണ് ആരോപണം. എല്ലാ ദിവസവും ഇങ്ങനെയാണ് മാലിന്യം പുറന്തള്ളുന്നത്. നെയ്യാറ്റിൻകര നഗരസഭയുടെ കീഴിലുള്ള കാടുപിടിച്ചു കിടക്കുന്ന അറതലച്ചിക്കുളത്തിലേക്കാണ് ഇവ ചെന്നെത്തുന്നത്. കാരുണ്യ ഹോസ്റ്റലിന് സമീപത്തായി സ്വകാര്യ വ്യക്തി മാടുകളെ വളർത്തുന്നുണ്ട്. അവിടെ നിന്നുള്ള മാലിന്യവും പലതരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

തവരവിള വാർഡിലെ മേൽവിളാകം മഹാലക്ഷ്മി ക്ഷേത്രം റോഡിന്റെ വശങ്ങളിലായി നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങളും ചെളിവെള്ളത്തിൽ കെട്ടിക്കിടന്ന് രോഗാണുക്കൾ പെരുകാൻ കാരണമാകുന്നുണ്ട്. സമീപത്തെ നെടുന്തറക്കുളത്തിലും മാലിന്യം നിറഞ്ഞു. അധികൃതർ തിരിഞ്ഞു നോക്കാത്തതിനാൽ മാലിന്യങ്ങൾ കുന്നുകൂടുന്ന ഇടമായി പ്രദേശം മാറിക്കഴിഞ്ഞു.

കാരുണ്യ സ്പെഷ്യൽ സ്കൂളിൽ അന്തേവാസികൾ കൂട്ടത്തോടെ ആശുപത്രിയിലായ സംഭവം നഗരസഭ ആരോഗ്യവിഭാഗം ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ പറ‌ഞ്ഞു. കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ ബോധവത്കരണം, ക്ലോറിനേഷൻ, ജല പരിശോധന, അനുബന്ധ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ ഊർജ്ജിതമാക്കിയതായും അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു.