ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ബി.ജെ.പി വനിതാ കൗൺസിലർമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന രണ്ട് വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 30ന് നടക്കും. രണ്ട് വാർഡുകളിലും മൂന്ന് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഇന്ന് വൈകിട്ടുവരെ നാമനിർദേശപത്രിക സമർപ്പിക്കാം. നഗരസഭയിലെ ചെറുവള്ളിമുക്ക്,തോട്ടവാരം എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചെറുവള്ളിമുക്ക് വാർഡിൽ എം.എസ്.മഞ്ചു, തോട്ടവാരം വാർഡിൽ ജി.ലേഖയുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ. ചെറുവള്ളിമുക്ക് വാർഡിൽ മുൻ കൗൺസിലർ കൂടിയായ എസ്. ശ്രീകലയും, തോട്ടവാരം വാർഡിൽ ബി. നിഷയുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ. ചെറുവള്ളിമുക്ക് വാർഡിൽ ആർ.എസ്. മിനിയും, തോട്ടവാരം വാർഡിൽ വി.സ്വാതിയുമാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ. പാർലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപാണ് ബി.ജെ.പി അംഗങ്ങളായ വനിതാ കൗൺസിലർമാരായ തോട്ടവാരം വാർഡ് കൗൺസിലർ എ.എസ്.ഷീല, ചെറുവള്ളിമുക്ക് വാർഡ് കൗൺസിലർ വി.പി.സംഗീതാറാണി എന്നിവർ രാജിവച്ചത്. 31 അംഗ നഗരസഭ ഭരണസമിതിയിൽ എൽ.ഡി.എഫ് 18,യു.ഡി.എഫ് 6,ബി.ജെ.പി 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഉപതിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ഭരണത്തെ ബാധിക്കില്ല.15 വരെ പത്രിക പിൻവലിക്കാം.31 ന് വോട്ടെണ്ണൽ നടക്കും.