മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹൃദയപൂർവ്വം എന്നു പേരിട്ടു. നവംബർ അവസാനമോ ഡിസംബർ ആദ്യമോ കൊച്ചിയിലും പൂനെയിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രം രസകരമായ കുടുംബകഥയാണ് പറയുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പി രചന നിർവഹിക്കുന്നു. നൈറ്റ് കാൾ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സോനു ടി.പി. അനു മൂത്തേടത്താണ് ഛായാഗ്രഹണം. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം ജസ്റ്റിൻ പ്രഭാകരൻ വീണ്ടും സംഗീതം ഒരുക്കാൻ മലയാളത്തിലേക്ക് എത്തുന്നുഎന്ന പ്രത്യേകതയുണ്ട്. പ്രശാന്ത് മാധവ് ആണ് കലാസംവിധാനം. 2015ൽ റിലീസ് ചെയ്ത എന്നും എപ്പോഴുംആയിരുന്നു മോഹൻലാലും സത്യൻ അന്തിക്കാടും അവസാനം ഒന്നിച്ച ചിത്രം. അതേ സമയം ഗുജറാത്തിൽ എമ്പുരാന്റെ ലൊക്കേഷനിലാണ് മോഹൻലാൽ. മോഹൻലാലിന്റെയും ടൊവിനോ തോമസിന്റെയും കോമ്പിനേഷൻ സീൻ ചിത്രീകരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ആഗസ്റ്റിൽ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് പൃഥ്വിരാജ് ഒരുങ്ങുന്നത്. എമ്പുരാന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ആഗസ്റ്റ് രണ്ടാം വാരംതരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ, വീണ്ടും ജോയിൻ ചെയ്യും. ശോഭനയാണ് നായിക.