തിരുവനന്തപുരം: ദേശീയപാത 66ൽ പ്രധാന പാതയോടു ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഓടകളിൽ മാലിന്യം തള്ളുന്നത് രൂക്ഷമായതോടെ ഓടകൾക്ക് ദേശീയപാത അതോറിട്ടി കോൺക്രീറ്റ് മൂടി സ്ഥാപിച്ചു തുടങ്ങി. ഓടയുടെ ആഴം ക്രമപ്പെടുത്തിയ ശേഷമാണ് മൂടി സ്ഥാപിക്കുക. പ്ലാസ്‌റ്റിക് കവറുകളിലാക്കിയും അല്ലാതെയും മാലിന്യങ്ങൾ തള്ളുന്നതിനാൽ മഴക്കാലത്ത് ഓടകൾ അടയുകയും വെള്ളം ഒഴുകിപ്പോവാതെ റോഡിൽ വെള്ളക്കെട്ടുണ്ടാവുന്നതും പതിവാണ്. മാലിന്യങ്ങൾ നീക്കിയാലും ആഴ്ചകൾക്കുള്ളിൽ വീണ്ടും ഓടകൾ നിറയുന്ന സ്ഥിതിയാണ്. എലിയും പെരുച്ചാഴിയും അടക്കമുള്ള ജീവികളുടെയും കേന്ദ്രമായി ഓടകൾ മാറും. മഴ പെയ്യുന്നതോടെ മലിനജലം റോഡിലേക്ക് ഒഴുകിയെത്തി എലിപ്പനി പോലുള്ള രോഗങ്ങൾ പടരാനുള്ള സാദ്ധ്യതയും കൂടും.
ആദ്യം മുങ്ങും മുട്ടത്തറ
മഴ പെയ്യുന്നതോടെ ആദ്യം മുങ്ങുന്നത് ദേശീയപാതയിലെ മുട്ടത്തറ ഭാഗമാണ്. അഞ്ച് മിനിട്ട് മഴ മതി ഇവിടം വെള്ളം നിറയാൻ. ഇതോടെ സർവീസ് റോഡും പ്രധാന റോഡും തിരിച്ചറിയാൻ പറ്റാതാകും. ചെറിയ മഴയിൽ ഈ ഭാഗത്തെ സർവീസ് റോഡും പെരുമഴയിൽ പ്രധാന റോഡിലും വെള്ളം നിറയും. പിന്നെ മണിക്കൂറുകളോളം സർവീസ് റോഡിലൂടെയുള്ള യാത്ര പൂർണമായും, ബൈപ്പാസിൽ ഭാഗികമായും തടസപ്പെടും. പമ്പ് ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കിയാലേ വാഹനങ്ങൾക്ക് പോകാൻ പറ്റൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഓടയിലെ ആഴം ക്രമീകരിച്ച് വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ ഇവിടത്തെ പ്രശ്നത്തിന് പരിഹാരമാകൂവെന്ന് നാട്ടുകാർ പറയുന്നു.
സർവീസ് റോഡ് യാത്ര ദുരിതം
മഴയുള്ള ദിവസങ്ങളിൽ സർവീസ് റോഡിലേക്ക് വരുന്നവരെല്ലാം വെള്ളക്കെട്ടിൽപെടും. വെള്ളത്തിൽ മാലിന്യങ്ങൾ ഒഴുകിപരക്കുകയും ചെയ്യും.സ്ഥലം പരിചയമില്ലാത്ത ഇരുചക്ര വാഹനയാത്രക്കാരാണെങ്കിൽ വെള്ളത്തിൽ വീണതുതന്നെ.