കല്ലറ: ചരിത്രമുറങ്ങുന്ന തെക്കൻ കേരളത്തിലെ പേരുകേട്ട ചന്തകളിലൊന്നായ കല്ലറ ചന്ത മാലിന്യ നിക്ഷേപ കേന്ദ്രമായിട്ടും അനക്കമില്ലാതെ അധികൃതർ. ഹരിതകർമ്മ സേനയടക്കം ശേഖരിക്കുന്ന മാലിന്യങ്ങളും ചന്തയിലാണ് തള്ളുന്നത്. ചന്തയിൽ പേരിനുപോലും മത്സ്യവ്യാപാരമില്ല. മാലിന്യം കാരണം മത്സ്യവ്യാപാരികൾ കച്ചവടം റോഡിന് വശങ്ങളിലാക്കിയതോടെ മാർക്കറ്റിലേക്ക് ആളുകളെത്താതായി. ലക്ഷങ്ങൾ ചെലവിട്ട് രണ്ടുമുറികൾ നിർമ്മിച്ച് മത്സ്യഫെഡിന്റെ നേതൃത്വത്തിൽ മത്സ്യക്കച്ചവടം ആരംഭിച്ചെങ്കിലും വൈകാതെ അതുംപൂട്ടി. കാടുകയറിയതിനാൽ ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമാണ് ഇവിടം. പ്രതിവർഷം എട്ടുലക്ഷത്തോളം രൂപയുടെ ലേലം നടന്നിരുന്ന മാർക്കറ്റിലെ അറവുശാല ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. മാമം, കൊല്ലം ജില്ലയിലെ അഞ്ചൽ തുടങ്ങിയ ചന്തകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കന്നുകാലി ലേലം നടന്നിരുന്ന ഇവിടെ ഇന്ന് പേരിനു പോലും കച്ചവടമില്ല. ആധുനിക അറവുശാല വരുമെന്ന് പറഞ്ഞെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങി. കല്ലറ ചന്തയെ പഴയ പ്രതാപത്തിലാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന പ്രശ്നങ്ങൾ
മാലിന്യങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നു
പക്ഷികൾ മാലിന്യം കൊത്തിയെടുത്ത് കിണറുകളിലിടുന്നു
അറവുശാല പ്രവർത്തിക്കുന്നില്ല
അനധികൃത കശാപ്പ് വ്യാപകം
മഴയിൽ മാലിന്യങ്ങൾ ഒലിച്ച് മരുതമൺ തോട്ടിലെത്തും
സ്‌മരണ വേണം
കല്ലറ - പാങ്ങോട് വിപ്ലവത്തിന്റെ സ്മരണകൾ തുടിക്കുന്ന കല്ലറ ചന്ത ആദ്യം പഴയ ചന്തയിലും ഇപ്പോൾ കല്ലറ രക്തസാക്ഷി മണ്ഡത്തിനു സമീപത്തുമാണ് സ്ഥിതി ചെയ്യുന്നത്. മലഞ്ചരക്കുകൾക്ക് പേരുകേട്ട ചന്ത കൊച്ചാലപ്പുഴ ചന്ത എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കല്ലറ - പാങ്ങോട് സമരം അരങ്ങേറിയതും ഇവിടെയാണ്.
ചന്തയുടെ നവീകരണത്തിനായി നാലുകോടിയുടെ പദ്ധതി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്
-
ഡി.കെ മുരളി, എം.എൽ.എ