തിരുവനന്തപുരം: പി.എസ്.സി നിയമനത്തിന് കോഴ വാങ്ങിയ സംഭവം സി.പി.എം അന്വേഷിക്കാൻ അത് പാർട്ടിയുടെ ആഭ്യന്തരകാര്യമല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കോഴ കൊടുത്ത് അംഗത്വം നേടുന്നവർ അഴിമതി നടത്തുമെന്നുറപ്പാണ്. മന്ത്രി മുഹമ്മദ് റിയാസോ മുഖ്യമന്ത്രിയോ അറിയാതെ മെമ്പർമാരെ നിയമിക്കാനാവില്ല. ഭരണഘടനാ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുക്കാൻ കോഴ കൊടുക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്.
മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടാത്തത് സംശയാസ്‌പദമാണ്. ആരോപണം മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. ഈർക്കിൽ പാർട്ടികൾ വരെ പി.എസ്.സി അംഗങ്ങളെ നിയമിച്ച് പണം വാങ്ങുന്നുണ്ട്. ഇതിൽ സമഗ്രാന്വേഷണം നടത്തിയില്ലെങ്കിൽ ബി.ജെപി സമരത്തിറങ്ങും.
പകർച്ചപ്പനിയിൽ ജനം പൊറുതിമുട്ടുമ്പോൾ കേരളീയം നടത്തുന്നത് ആഭാസമാണ്. ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്. കരാറുകാർക്ക് പണം നൽകാത്തതിനാൽ ജൽജീവൻ മിഷൻ പദ്ധതി മുടങ്ങി. സർക്കാരിന്റെ പിടിപ്പുകേടുകാരണം ആറുമാസം എൻ.എച്ച്.എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. ക്ഷയരോഗികൾക്കുള്ള മരുന്ന് പോലും സംസ്ഥാനത്തില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.