വക്കം: ഒരുകാലത്ത് നിരവധി പേർ ആശ്രയിച്ചിരുന്ന വക്കത്തെ പൊതുചന്ത ഇന്ന് നവീകരണമില്ലാതെ നാശത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ചന്തയിൽ നിന്ന് എല്ലാവരെയും അകറ്റുന്നത്.
കച്ചവടത്തിനായി കെട്ടിയിട്ട ഷെഡുകൾ പലതും ജീർണാവസ്ഥയിലാണ്.
രാവിലെ കുറച്ച് നേരം മൂന്നോ നാലോ പേർ ചന്തയുടെ സമീപത്തിരുന്ന് പച്ചക്കറി ഉൾപ്പെടെയുള്ളവ കച്ചവടം ചെയ്യുന്നതൊഴിച്ചാൽ അകത്തേക്ക് ആരും കച്ചവടത്തിനായി കയറാറില്ല. വക്കം ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തായിട്ടാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.
മുമ്പ് മത്സ്യവും പച്ചക്കറികളും പരമ്പരാഗത ഉത്പന്നങ്ങളും ഉൾപ്പെടെ ചന്തയിൽ വിപണനത്തിനായി എത്തിക്കുമായിരുന്നു.ഇപ്പോൾ ചന്തയ്ക്കുള്ളിൽ കയറാതെ മത്സ്യത്തൊഴിലാളികൾ റോഡിന് ഇരുവശങ്ങളിലും ഇരുന്നാണ് കച്ചവടം നടത്തുന്നത്.
കാലവർഷം ആരംഭിച്ചതോടെ പ്രവേശനകവാടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു.സമീപത്തെ കടകളിലെ മാലിന്യങ്ങളെല്ലാം ചന്തയ്ക്കുള്ളിലാണ് കൊണ്ടിടുന്നത്.ഇത് ഭക്ഷിക്കുന്നതിനായി എത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും ചന്തയ്ക്കുള്ളിൽ രൂക്ഷമാണ്. ചന്ത വൃത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി നൽകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
ആളൊഴിയാൻ കാരണം
അടിസ്ഥാന സൗകര്യങ്ങളില്ല
മഴക്കാലത്ത് വെള്ളക്കെട്ട്
മലിനജലം കെട്ടിക്കിടക്കുന്നു
മാലിന്യ നിക്ഷേപവും ചന്തയ്ക്കുള്ളിൽ തന്നെ
തെരുവുനായ ശല്യം രൂക്ഷം
നിലവിലെ അവസ്ഥ
ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യങ്ങളും സമീപത്തെ കടകളിലെ മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമായി ചന്ത മാറിക്കഴിഞ്ഞു.
ഓർക്കാനുണ്ട് ഒരു കാലം
വക്കത്ത് കയർ വ്യവസായം സജീവമായിരുന്ന കാലത്ത് രാവിലെ മുതൽ രാത്രി വരെ ചന്ത സജീവമായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കയർത്തൊഴിലാളികളും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ചന്തയെ ആശ്രയിച്ചിരുന്നത്. അഞ്ചുതെങ്ങിൽ നിന്ന് പിടിക്കുന്ന മായം ചേർക്കാത്ത ശുദ്ധ മത്സ്യം ലഭിക്കുമെന്ന സ്ഥലമായിരുന്നു ഒരുകാലത്ത് വക്കം ചന്ത.
പുതിയ കെട്ടിടവും പൂട്ടി
ചന്തയോടു ചേർന്ന് 2017ൽ പഞ്ചായത്ത് നിർമ്മിച്ച മൂന്ന് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടവും പ്രവർത്തനം തുടങ്ങാതെ നാശത്തിന്റെ വക്കിലായിരിക്കുകയാണ്. പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളലുകൾ വീണു.