ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ അക്കരവിള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി നിരവധി യാത്രക്കാരുടെ സഞ്ചാര പാതയായ ഇവിടെ കുന്നും കുഴിയുമായി കാൽനടയാത്ര പോലും ദുസ്സഹമാണ്.
വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ റോഡിലെ ടാറും ചല്ലിയുമെല്ലാം ഇളകി പലയിടത്തും കുഴികൾ രൂപാന്തരപ്പെട്ടിട്ടുണ്ട്. ഇത്തരം കുഴികളിൽ വീണ് പരിക്കേൽക്കുന്നവരും കുറവല്ല. മഴക്കാലത്ത് ഇത്തരം കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം മനസിലാവാതെ അപകടത്തിൽപ്പെടുന്നവരുമുണ്ട്. പഞ്ചായത്ത് മെമ്പറടക്കം ഇവിടെ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി വെട്ടിമുറിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് മൂടണമെന്നാണ് ചട്ടം. ഇവയൊന്നും പാലിക്കാത്തതും ഈ റോഡിന്റെ ദുരവസ്ഥയെ കൂടുതൽ പരിതാപകരമാക്കിയിരിക്കുകയാണ്. ഇടക്കാലത്ത് റോഡിലെ കുഴികളടയ്ക്കാൻ നാട്ടുകാർ ഒരു ശ്രമം നടത്തിയെങ്കിലും അതെല്ലാം തുടർന്നുള്ള മഴയിൽ ഒലിച്ചുപോയി.തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ശാസ്തവട്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പെരുങ്ങുഴി പള്ളിയിറക്കം ഭാഗത്ത് എത്താനുള്ള എളുപ്പമാർഗം കൂടിയാണിത്. സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് എത്രയുംവേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.