വർക്കല: വർക്കലയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം വൈകുന്നതായി പരാതി. കൃത്യമായി വിതരണം നടത്തിയിരുന്ന കളക്ഷൻ ഏജന്റുമാരെ മാറ്റി ഉദ്യോഗസ്ഥർ വിതരണം ഏറ്റെടുത്തതാണ് തിരിച്ചടിയായത്. വീടുകളിലെത്തി പെൻഷൻ വിതരണം നടത്തുന്നതിന് പകരം വയോജനങ്ങളെ പലയിടങ്ങളിലായി റോഡുകളിൽ വിളിച്ചുവരുത്തി പെൻഷൻ തുക നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. ജീവനക്കാർക്ക് വിതരണം ചെയ്യേണ്ട വീടുകൾ അറിയില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. നഗരസഭയിലെ 33 വാർഡുകളിലും സഹകരണ ബാങ്ക് നിയമിച്ചിട്ടുള്ള കളക്ഷൻ ഏജന്റുമാരാണ് മുൻപ് പെൻഷൻ വിതരണം നടത്തിയിരുന്നത്. എന്നാൽ സഹകരണ ബാങ്ക് സർക്കുലർ പ്രകാരം സഹകരണസംഘം ജീവനക്കാർ നേരിട്ട് പെൻഷൻ വിതരണം നടത്തണമെന്നുള്ള നിർദ്ദേശം നടപ്പാക്കിയതോടെയാണ് വിതരണം അവതാളത്തിലായത്. അതോടെ കളക്ഷൻ ഏജന്റുമാർ പിന്മാറേണ്ടിവന്നു. ബാങ്ക് ജീവനക്കാർ ഓഫീസ് സമയങ്ങളിൽ വീടുകളിൽ എത്തി പെൻഷൻ വിതരണം ചെയ്യാൻ പാടില്ലെന്നതും പെൻഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാവിലെ 9ന് മുൻപും വൈകിട്ട് 5ന് ശേഷവുമാണ് ഇപ്പോൾ പെൻഷൻ വിതരണം നടക്കുന്നത്. ബാങ്ക് ജീവനക്കാർ വാർഡ് മെമ്പർമാരുടെ സഹായം തേടിയാൽ വിതരണം കുറച്ചുകൂടി കാര്യക്ഷമമാക്കാൻ കഴിയും. ഈ വിവരങ്ങളൊന്നുമറിയാതെ വയോജനങ്ങൾ മരുന്നുവാങ്ങാൻ പോലും വഴിയില്ലാതെ പെൻഷൻ കിട്ടുന്നതും കാത്തിരിക്കുകയാണ്.