തിരുവനന്തപുരം: ജില്ലയിൽ മുദ്രപത്ര ക്ഷാമത്തിൽ ജനം വലയുന്നു.50 മുതൽ 500 രൂപ വരെയുള്ള പത്രത്തിനാണ് ദൗർലഭ്യമുള്ളത്. ചെറിയ ആവശ്യങ്ങൾക്കുപോലും വലിയ തുകയുടെ മുദ്രപത്രങ്ങളാണ് നിലവിൽ ജനങ്ങൾ വാങ്ങുന്നത്.
നഗരത്തിലെ 39 വെണ്ടർമാരുടെ കൈയിലുള്ള ഏറ്റവും കുറഞ്ഞ മുദ്രപത്രം ആയിരം രൂപയുടേതാണ്. നഗരസഭയിലേക്കുള്ള അനുമതി പത്രത്തിന് 100 രൂപ പത്രത്തിന്റെ ആവശ്യമേയുള്ളൂ. എന്നാൽ 1,000 രൂപയുടെ പത്രമാണ് ആവശ്യക്കാർ വാങ്ങി സമർപ്പിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങൾക്ക് 100 മുതൽ 200 രൂപ വരെയുള്ള മുദ്രപത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. വാടക കരാറിന് പോലും 500 രൂപ പത്രത്തിന്റെ ആവശ്യമേയുള്ളൂ. പവർ ഒഫ് അറ്റോർണിക്ക് പോലും 600 രൂപയുടെ മുദ്രപത്രം ആവശ്യമായുള്ള സാഹചര്യത്തിലാണ് ഇരട്ടിയും അതിലധികവും നൽകി ജനം മുടിയുന്നത്.
കോടതി ആവശ്യങ്ങൾക്ക് അല്ലാത്ത നോൺ ജുഡിഷ്യൽ മുദ്രപത്രങ്ങളാണ് ഇപ്പോൾ ലഭ്യമല്ലാതായിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ഇ- സ്റ്റാമ്പിംഗ് ഇതുവരെ പ്രാവർത്തികമായിട്ടുമില്ല. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പത്രങ്ങൾ മാത്രമേ ഇ- സ്റ്റാമ്പിംഗിലൂടെ ലഭ്യമാകുകയുള്ളൂ. കോടതി ഫീസിന്റെ ഏറിയ പങ്കും ഇ- പേമെന്റ് മുഖേനയായതോടെ കോടിക്കണക്കിന് രൂപയുടെ ജുഡിഷ്യൽ മുദ്രപത്രങ്ങളാണ് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്നത്. 100 രൂപ മുദ്ര പത്രത്തിന് ദൗർലഭ്യം ഉണ്ടായപ്പോൾ അഞ്ച് രൂപയുടെ ജുഡിഷ്യൽ സ്റ്റാമ്പിൽ നൂറ് രൂപയുടെ മുദ്ര പതിച്ച് വിൽപ്പന നടത്തിയിരുന്നു. ഇപ്പോൾ അതും കിട്ടാനില്ല.
ഇ- സ്റ്രാമ്പിംഗ് ഇഴയുന്നു
നാസിക്കിൽ നിന്നാണ് സംസ്ഥാനത്തിന് ആവശ്യമായ മുദ്രപത്രങ്ങൾ ഓർഡർ അനുസരിച്ച് പ്രിന്റ് ചെയ്തിരുന്നത്. ഇ- സ്റ്റാമ്പിംഗ് പ്രഖ്യാപനത്തോടെ പുതിയ മുദ്രപത്രത്തിന് നൽകേണ്ട ഓർഡർ നൽകിയില്ല. ഇ- സ്റ്റാമ്പിംഗ് പ്രഖ്യാപനം വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും യാതൊരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല. കുറഞ്ഞ തുകയ്ക്കുള്ള മുദ്ര പത്രങ്ങളുടെ ദൗർലഭ്യം സംസ്ഥാനത്തെ 1,500ഓളം വെണ്ടർമാരുടെ ജീവിതത്തെയും ബാധിച്ചു. ഇ- സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിനൊപ്പം പ്രിന്റ് ചെയ്ത മുദ്രപത്രങ്ങൾ കൂടി വിതരണം ചെയ്ത്, കാലക്രമേണ പൂർണമായും ഇ- സ്റ്റാമ്പിംഗിലേക്ക് മാറിയിരുന്നെങ്കിൽ നിലവിലെ ദുസ്ഥിതി ജനങ്ങൾക്ക് ഉണ്ടാകുമായിരുന്നില്ല.