pravasi-

ആറ്റിങ്ങൽ: പ്രവാസജീവിതത്തിലെ തന്റെ തീക്ഷ്ണാനുഭവങ്ങൾ പാഠപുസ്തകമാകുമ്പോൾ ആറ്റിങ്ങൽ പാണന്റെമുക്കിലെ വീട്ടിൽ 72 കാരനായ അമാനുള്ള ആനന്ദത്തിലാണ്. ഉള്ളിൽ അനുഭവങ്ങളുടെ വേലിയേറ്റം. അമാനുള്ളയുടെ അനുഭവസമാഹാരമായ 'മരുഭൂമിയിലെ മറുജീവിതങ്ങൾ' കേരള സർവകലാശാലയുടെ നാലുവർഷ ബിരുദപഠന കോഴ്സിലെ രണ്ടാംസെമസ്റ്ററിൽ പ്രചോദനാത്മക സാഹിത്യത്തിലെ പാഠപുസ്തകമായി ഉൾപ്പെടുത്തി. ഒരദ്ധ്യായമായ 'ഷാർജയിലെ പൂച്ചകൾ' ഏഴാംക്ളാസിലെ പുതിയ മലയാളം പാഠപുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി ജീവിതങ്ങൾക്കുമേൽ പതിപ്പിച്ച കരുണയുടെ മുദ്രകളാണ് അമാനുള്ളയുടെ പ്രവാസജീവിതത്തെ സമ്പന്നമാക്കുന്നത്.

പാണന്റെമുക്ക് പ്രതിഭയിൽ പരേതരായ മുഹമ്മദ് സാലിയുടെയും സാറാ ഉമ്മാളുടെയും നാലാമത്തെ മകൻ 22-ാം വയസിലാണ് പ്രവാസിയാകുന്നത്. പ്രീഡിഗ്രിയും ടൈപ്പ് റൈറ്റിംഗും പഠിച്ചശേഷം യു.എ.ഇലേക്ക് പറന്നു. ഷാർജ സർക്കാരിന്റെ വൈദ്യുതി കമ്പനിയിൽ തൊഴിലാളിയായി.അപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ മൃതദേഹം നാട്ടിലെത്തിക്കാനാരംഭിച്ച പരിശ്രമമാണ് അമാനുള്ളയിലെ കാരുണ്യപ്രവർത്തകനെ പുറംലോകത്തെത്തിച്ചത്. അമാനുള്ള എന്നാൽ രക്ഷകനെന്നാണർത്ഥം. ജോലിചെയ്ത് വലിയ നിലയിലെത്തുക എന്നതിനപ്പുറം ജീവിതനിയോഗം രക്ഷകന്റേതാണെന്ന് അമാനുള്ള തിരിച്ചറിഞ്ഞതും അന്നാണ്. 37 വർഷത്തെ പ്രവാസജീവിതത്തിൽ അമാനുള്ള നിരവധി ജീവിതങ്ങളെ ആശ്വാസതീരത്തെത്തിച്ചു.

യു.എ.ഇയിലെ ജയിൽച്ചുവരുകളിൽ അമാനുള്ളയെന്ന പേരും ഫോൺനമ്പറും തടവുകാരിലാരോ കൊത്തിവച്ചിട്ടുണ്ട്. പ്രവാസജീവിതത്തിനിടെ കാണാതായ അനേകരെ ഉറ്റവർക്ക് തിരികെക്കിട്ടിയത് അമാനുള്ളയിലൂടെയാണ്. ജീവിതമാർഗം തേടിയെത്തി പെൺവാണിഭസംഘങ്ങളുടെ കൈയിലകപ്പെട്ട എത്രയെത്ര പെൺകുട്ടികൾ അമാനുള്ളയിലൂടെ ജീവിതത്തിലേക്ക് തിരികെനടന്നു.

ഇരുരാജ്യക്കാർക്കും നിയമപരമല്ലാതെ ജനിച്ച കുഞ്ഞിനും അമ്മയ്ക്കും ജയിൽവാസമാണ് ശിക്ഷ. ഇതു ഭയന്ന് പതിറ്റാണ്ടുകളോളം കുഞ്ഞിനെ വെളിയിൽ കാണിക്കാതെ ഒളിവുജീവിതംനയിച്ച അച്ഛനമ്മമാർ. ഈ നിസ്സഹായരെയൊക്കെ മരുഭൂമിയിലെ മറുജീവിതങ്ങളിൽ നമുക്ക് കാണാം. അമാനുള്ളയുടെ ഓർമ്മകൾ എഴുതിയത് കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് മലയാളവിഭാഗം മേധാവിയായ ഡോ. ദീപേഷ് കരിമ്പുങ്കരയാണ്. പുസ്തകത്തിന്റെ രണ്ടു പതിപ്പുകൾ പുറത്തുവന്നിട്ടുണ്ട്. മരുഭൂമിയിലെ മറുജീവിതങ്ങൾ പാലെച്ചുനൈ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചു. സുനിൽലാൽ മഞ്ഞാലുംമൂടാണ് പരിഭാഷ. വത്സലയാണ് അമാനുള്ളയുടെ ഭാര്യ. മക്കൾ : ഫാബിയൻ,​ മൗര്യൻ.