കോവളം: തിരുവല്ലം ഇടയാർ നിവാസികൾ പകർച്ചവ്യാധിപ്പേടിയിലാണ് ജീവിക്കുന്നത്. ഇടയാറിലെ മാലിന്യക്കൂമ്പാരമാണ് ഇതിനു കാരണം. തിരുവല്ലം പരശുരാമക്ഷേത്രത്തിനു സമീപത്തെ പാർവതി പുത്തനാറിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് ഇടയാർ ഗുരുദേവ മന്ദിരത്തിനു സമീപം കുന്നുകൂടി കിടക്കുന്നത്. ഇവിടത്തെ ഒഴുക്ക് നിലച്ചിട്ട് മാസങ്ങളായി. സഹികെട്ട് കഴിഞ്ഞ ദിവസം പ്രദേശവാസികൾ ചെറുവള്ളങ്ങൾ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തെങ്കിലും വീണ്ടും നിറഞ്ഞു. നേരത്തെ വീട്ടാവശ്യങ്ങൾക്കുൾപ്പെടെ ഇവിടെനിന്ന് വെള്ളം ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ വെള്ളത്തിൽ തൊടാൻ പോലുമാകില്ല. പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ഇടയാർ നിവാസികളുടെ ആവശ്യം. ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കാൻ നിയമമുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുന്നതാണ് വീണ്ടും മാലിന്യം നിറയാൻ കാരണം.