തിരുവനന്തപുരം: കാലവർഷം ഇനിയും ശക്തിപ്പെടാനിരിക്കെ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കുന്നത് ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗവും അടിച്ചുപിരിഞ്ഞു. വീഴ്ച മറയ്‌ക്കാൻ ഭരണപക്ഷവും കിട്ടിയ അവസരം മുതലാക്കാൻ പ്രതിപക്ഷവും കച്ചമുറുക്കിയപ്പോൾ ചർച്ചയുണ്ടായില്ല, തീരുമാനങ്ങളും. ഭരണപക്ഷവും ബി.ജെ.പി അംഗങ്ങളും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായതോടെ അജൻഡ വേഗത്തിൽ പാസാക്കി. മഴക്കാല പൂർവശുചീകരണം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേരണമെന്ന് ഒന്നരമാസം മുമ്പ് ബി.ജെ.പി ആവശ്യപ്പെട്ടെന്നും 28 ദിവസം മുമ്പ് കത്ത് നൽകിയെന്നും എം.ആർ. ഗോപൻ പറഞ്ഞു. സ്മാർട്ട് റോഡ് നിർമ്മാണത്തിലെ അപാകതയും ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടി മേയർ പി.കെ. രാജു ദേശീയ രാഷ്ട്രീയം പറഞ്ഞതോടെ ബി.ജെ.പി അംഗങ്ങളും അതേനാണയത്തിൽ തിരിച്ചടിച്ചു. എന്നാൽ, മറ്റ് വിഷയങ്ങൾ സംസാരിക്കരുതെന്ന് കരമന അജിത്തിനെ മേയർ വിലക്കി. കൗൺസിൽ യോഗത്തെ ബി.ജെ.പിയുടെ അജൻഡ നടപ്പാക്കാനുള്ള വേദിയാക്കരുതെന്നും ചുമതലകളെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും മേയർ പറഞ്ഞു. വീണ്ടും സംസാരിക്കാനുള്ള അജിത്തിന്റെ ശ്രമത്തിനിടെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മേടയിൽ വിക്രമൻ മറുപടിയുമായി എഴുന്നേറ്റു. ബി.ജെ.പി വനിതാ കൗൺസിലർമാരടക്കം വിക്രമനെ തടസപ്പെടുത്താൻ ശ്രമിച്ചു. ഡി.ആർ. അനിൽ വനിതാ അംഗങ്ങളെക്കൂട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. ഇതിനിടെ, കൗൺസിലർ ആശാനാഥിന്റെ നേതൃത്വത്തിൽ ഡി.ആർ.അനിലിന്റെ കൈയിൽനിന്ന് മൈക്ക് തട്ടിപ്പറിച്ചു. ബി.ജെ.പി അംഗങ്ങൾ കൗൺസിലിലുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉത്തരം പറയണമെന്നും ഡി.ആർ.അനിലും എസ്.സലീമും ആവശ്യപ്പെട്ടു.
തട്ടിക്കൂട്ട് റിപ്പോർട്ടും
ബഹളത്തിനിടെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി ബാബു മഴക്കാലപൂർവ ശുചീകരണത്തിന്റെ തട്ടിക്കൂട്ടിയ ചെലവ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ ശുചീകരണത്തിന് 14 ലക്ഷം അധികം അനുവദിച്ചെന്ന് ഗായത്രി വാദിക്കുമ്പോഴും ശുചീകരണത്തിന് ശേഷവും നഗരത്തിൽ വെള്ളം പൊങ്ങി. പല വാർഡുകളിലും ഓടയിൽ നിന്ന് കോരിയ മണ്ണ് ഓടയുടെ വശങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഈ മണ്ണ് വീണ്ടും ഓടയിലേക്ക് തന്നെയെത്തി. ഓടകളിൽ നിന്ന് കോരുന്ന മണ്ണ് ഫലപ്രദമായി ഉപയോഗിക്കാനും നിക്ഷേപിക്കാനുമുള്ള സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയിൽ നഗരസഭ പരാജയപ്പെട്ടു. പ്രധാനതോടുകളായ പാർവതി പുത്തനാർ, ആമയിഴഞ്ചാൻ, കരിയിൽ തോടുകൾ എന്നിവയിലെ മാലിന്യവും മണ്ണും ഇതുവരെ പൂർണമായി നീക്കിയിട്ടില്ല. റോഡ് ഫണ്ട് ബോർഡ്, പി.ഡബ്ല്യു.ഡി, ഇറിഗേഷൻ എന്നിവ ഓടകളും ശുചീകരിക്കുന്നില്ല. അടുത്ത മഴയിലും ഓടകൾ നിറഞ്ഞ് വെള്ളം റോഡിലെത്തുന്ന സ്ഥിതി തന്നെയുണ്ടാകും.