csi-college

പാറശാല: പാളയം സി.എസ്.ഐ പള്ളിയിലെ ഭരണനേതൃത്വത്തിലെ തർക്കത്തെ തുടർന്ന് ചെറുവാരക്കോണം സി.എസ്.ഐ ലാ കോളേജിൽ പുതുതായി ചാർജെടുത്ത മാനേജരെ ഒരുവിഭാഗം ആളുകൾ മർദ്ദിച്ച ശേഷം വലിച്ചിഴച്ച് ഓഫീസിൽ നിന്ന് പുറത്താക്കിയതായി പരാതി. സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലത്തെ അനുകൂലിക്കുന്നവരാണ് മാനേജർ അഡ്വ.സുനിൽരാജിനെ ആക്രമിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. ബൈക്കുകളിലും കാറിലുമായി എത്തിയ 12 പേർ ചേർന്നാണ് ബലം പ്രയോഗിച്ച് പുറത്താക്കിയതെന്ന് സുനിൽരാജ് പറഞ്ഞു. ജൂൺ 15നാണ് സുനിൽരാജ് ചുമതലയേറ്റത്. ഇന്നലെ രാവിലെ കോളേജിൽ യോഗം നടന്നിരുന്നു. പിന്നാലെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. കോളേജിന്റെ താഴത്തെ നിലയിലെ ഓഫീസിലായിരുന്ന സുനിൽരാജിനെ സംഘം വലിച്ചിഴച്ച് പുറത്താക്കുകയും മർദ്ദിക്കുകയുമായിരുന്നു. ശേഷം അക്രമികൾ രക്ഷപ്പെട്ടു. സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ആരും തന്നെ കോളേജിലുണ്ടായിരുന്നില്ല. തന്റെ മൊബൈൽ ഫോൺ, മൂന്ന് പവന്റെ മാല, മോതിരം,​ 8000 രൂപ എന്നിവയും അക്രമികൾ തട്ടിയെടുത്തതായി അദ്ദേഹം ആരോപിച്ചു. വലിച്ചിഴച്ചതിനെ തുടർന്ന് കാൽമുട്ടിന് പരിക്കേറ്റ സുനിൽരാജിനെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കോളേജിലെ സി.സി.ടിവിയുടെ മെമ്മറി കാർഡ് അക്രമികൾ കടത്തിക്കൊണ്ടുപോയതായും ആരോപണമുണ്ട്. അതേസമയം,​ കോളേജിന് സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.