ambalathara

ശംഖുംമുഖം: നഗരത്തിൽ നിന്ന് വിഴിഞ്ഞം- കോവളം ഭാഗത്തേക്കുള്ള പ്രധാന റോഡായ അട്ടക്കുളങ്ങര- തിരുവല്ലം റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ നടുവൊടിയാൻ തുടങ്ങിയിട്ട് ആറുമാസത്തിലേറെയായിട്ടും അധികൃതർക്ക് കണ്ടഭാവമില്ല. മണക്കാട്- അമ്പലത്തറ ഭാഗത്ത് പൈപ്പ്ലൈൻ പണിയുടെ പേരിൽ റോഡ് വെട്ടിപ്പൊളിച്ചതാണ് പ്രതിസന്ധിയായത്. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള വാട്ടർ അതോറിട്ടിയുടെ പണി ഏറ്റെടുത്ത കരാറുകാരൻ യഥാസമയം പ്രവൃത്തികൾ പൂർത്തിയാക്കാത്തതാണ് ജനത്തിന് എട്ടിന്റെ പണിയായത്. വാട്ടർ അതോറിട്ടിയും പി.ഡബ്ലിയു.ഡിയും കരാറുകാനെ പഴിച്ച് തടിയൂരുകയാണ്.

മഴ കൂടിയായാൽ റോഡ് തോടാകും. അസഹനീയമായ പൊടികൂടിയായതോടെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്. നഗരത്തിൽ നിന്ന് വിഴിഞ്ഞം, കോവളം, വെങ്ങാനൂർ, പൂവാർ, കളിയിക്കാവിള തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് റൂട്ടും ഈ വഴിയാമ്.

വർഷങ്ങളായി പൊളിഞ്ഞുകിടന്ന കമലേശ്വരം- കല്ലാട്ടുമുക്ക് ഭാഗത്ത് ജനകീയസമരങ്ങളെ തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ഇടപെട്ട് ഇന്റർലോക്ക് പാകിയിരുന്നു. ഇതിന്റെ ഭാഗമായി അട്ടകുളങ്ങര മുതൽ തിരുവല്ലം വരെ പുതിയ പൈപ്പ് ലൈൻ ഉൾപ്പെടെ സ്ഥാപിക്കണം. ആകെ 7 കോടിയുടെ നിർമ്മാണമാണിത്.

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പിറ്റേ ആഴ്ച അമ്പലത്തറയിലും കമലലേശ്വരത്തും റോഡ് കുഴിക്കാൻ തുടങ്ങി. ഇപ്പോൾ ഇടയ്ക്കിടെ മാത്രമാണ് റോഡിൽ പണി നടക്കുന്നത്. ഭൂരിഭാഗം ദിവസങ്ങളിലും റോഡിൽ പണിയില്ല. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ എന്നിങ്ങനെ ജനങ്ങൾ ദിവസേന എത്തുന്ന നിരവധി കേന്ദ്രങ്ങൾ ഈ റോഡിന്റെ ഇരുവശങ്ങളിലുമായുണ്ട്. ഗർഭിണികൾക്കും പ്രായമായവർക്കും ആശുപത്രിയിലെത്താൻ ഈ റോഡിനെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഗതികേടുകൊണ്ടാണ് ഇതുവഴി പോകുന്നതെന്ന് പതിവ് യാത്രക്കാരും കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരും പറയുന്നു.

ടാറിംഗിനുള്ള സാധനങ്ങളെത്തി, പണി പാതിയിൽ

ഈപ്രദേശത്ത് പണികൾ മൂന്നുമാസം മുമ്പ് പൂർത്തിയാകേണ്ടതാണ്. എന്നാൽ പകുതി പോലും ആയിട്ടില്ല. പണി പൂർത്തിയാകുമെന്ന് കരുതി റോഡ് ടാറിംഗിനുള്ള മെറ്റൽ ഉൾപ്പെടെ അമ്പലത്തറ മിൽമയ്ക്ക് സമീപം പി.ഡബ്ലിയു.ഡി എത്തിച്ചു. ഈ സാധനങ്ങളും യാത്രക്കാർക്ക് തടസമായി. മഴയിൽ മെറ്റൽ ഒലിച്ച് റോഡിൽ അപകടമുണ്ടാക്കുന്ന തരത്തിലുമായി.

കരാറുകരാൻ യഥാസമയം പണിപൂർത്തിയാക്കാത്തതാണ് ദുരിതമായത്. വാർട്ടർഅതോറിട്ടി അധികൃതരെ ഉൾപ്പെടെ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

-വി.എസ്.സുലോചനനൻ

അമ്പലത്തറ വാർഡ് കൗൺസില‌ർ