തിരുവനന്തപുരം: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിന് സഹായകരമാകുന്ന ആശയങ്ങൾ നൽകി വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് ജൂണിൽ രണ്ടുകോടി രൂപ തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ.
കേസിലെ പ്രധാന പ്രതിയും കംബോഡിയയിലെ കോൾ സെന്റർ വഴി കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നയാളുമായ മലപ്പുറം പാപ്പന്നൂർ സ്വദേശി മനുവിന്റെ പ്രധാന സഹായി കോഴിക്കോട് നല്ലളം പാടം ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സാദിക് (48), തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ഡിജിറ്റൽ കറൻസിയായി കംബോഡിയയിലേക്ക് അയയ്ക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37), കമ്മിഷൻ കൈപ്പറ്റി കുറ്റകൃത്യത്തിനായി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകിയ കോഴിക്കോട് വടകര ഇരിങ്ങൽ സ്വദേശി സാദിക് (24), തൃശൂർ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം നടിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓൺലൈൻ ട്രേഡിംഗ് സാമ്പത്തിക തട്ടിപ്പുകേസുകളുടെ ആസൂത്രണം തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണെന്നും സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.