തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള (എസ്.എൽ.കെ) ഫുട്ബാൾ ടൂർണമെന്റിലെ മത്സരങ്ങൾക്കായി പാളയത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നവീകരിക്കുന്ന ജോലികൾ തുടങ്ങി. 35-ാമത് ദേശീയ ഗെയിംസ് മത്സരങ്ങൾക്കായാണ് അവസാനം സ്റ്റേഡിയം നവീകരിച്ചത്. കേരളത്തിലെ പ്രൊഫഷണൽ ലീഗ് ഫുട്ബാളിൽ തലസ്ഥാനത്തിന്റെ ടീമായ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ ഹോം ഗ്രൗണ്ടാണിത്. ടീമിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ ഇവിടെ നടക്കും.

സ്റ്റേഡിയത്തിലെ നിലവിലെ പുൽത്തകിടി കിളച്ചുമാറ്റി പുതിയത് വച്ചുപിടിപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ട്രാക്കുകൾ നവീകരിക്കുന്നതിനൊപ്പം പെയിന്റിംഗ് അടക്കമുള്ള പണികളും ഇതിനൊപ്പം നടക്കും. ഡ്രെയിനേജ് സംവിധാനം ഉൾപ്പെടെ പരിഷ്കരിക്കും. ഒരുമാസത്തിനുള്ളിൽ സ്‌റ്റേഡിയം നവീകരണം പൂർത്തിയാക്കാനാണ് അധികൃതരുടെ ലക്ഷ്യം.

1956 ൽ സംസ്‌ഥാന പൊലീസിലെ ആദ്യ ഇൻസ്പെക്ട‌ർ ജനറലായിരുന്ന എൻ.ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കാണ് സ്റ്റേഡിയം നിർമ്മിച്ചത്. കേരള പൊലീസിന്റെ ഉടമസ്ഥതയിലുള്ള ‌സ്റ്റേഡിയം പൊലീസ് സ്‌റ്റേഡിയം എന്നും അറിയപ്പെടുന്നു. 6 പാത സിന്തറ്റിക് ട്രാക്ക് ഉൾക്കൊള്ളുന്നതിനായി കളിസ്ഥലം പുനഃക്രമീകരിച്ചു. സ്റ്റേഡിയത്തിന് ഏതാണ്ട് 40,000 ചതുരശ്ര അടി വിസ്തീർണമുണ്ട്.


സോളാർ മേൽക്കൂരത്തണലിൽ
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സോളാർ മേൽക്കൂരത്തണലിലിരുന്ന് കളികൾ കാണാമെന്ന് പ്രത്യേകതയുമുണ്ട്. കേരള പൊലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച ഒരു മെഗാവാട്ട് ശേഷിയുളള സോളർ പദ്ധതിയാണ് സ്റ്റേഡിയത്തിൽ തണൽ വിരിച്ചുനിൽക്കുന്നത്. പദ്ധതി നടപ്പാക്കിയ ശേഷമുള്ള ആദ്യ മെഗാ ഇവന്റാണ് നടക്കാൻ പോകുന്നത്. വിവിധ കായിക ഇനങ്ങളിലെ മത്സരത്തിനും പരിശീലനത്തിനുമൊക്കെ സൗകര്യമുളള ഇവിടെ വൈദ്യുതിയും ഉത്പാദിപ്പിച്ച് ഉപയോഗശേഷമുള്ളവ വിൽക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയത്. 6.98 കോടിയായിരുന്നു ചെലവ്.