കല്ലമ്പലം: സാമൂഹ്യ വിരുദ്ധർ തള്ളിയ മാലിന്യങ്ങൾ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കല്ലണ പാലത്തിനുസമീപം ഇരുവശങ്ങളിലും സാമൂഹ്യ വിരുദ്ധർ തള്ളിയ മാലിന്യങ്ങളാണ് കഴിഞ്ഞദിവസം ജനകീയ കൂട്ടായ്മ വൃത്തിയാക്കിയത്.കക്കൂസ് മാലിന്യം,അറവുമാലിന്യങ്ങളും തള്ളിയിട്ടുണ്ട്. മഴ പെയ്താൽ ഇവ ഒലിച്ച് സമീപത്തുകൂടി ഒഴുകുന്ന അയിരൂർ പുഴയിലെത്തും. നിത്യേന നിരവധിപേർ ഉപയോഗിക്കുന്ന പുഴയാണിത്.സമീപ പ്രദേശത്തൊന്നും സി.സി ടിവി കാമറകൾ ഇല്ലാത്തതാണ് മാലിന്യനിക്ഷേപകർക്ക് തുണയാകുന്നത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.