തിരുവനന്തപുരം: റവന്യു വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മന്ത്രിക്ക് നേരിട്ട് പരാതി നൽകുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. മന്ത്രി നേരിട്ട് കൈകാര്യം ചെയ്യുംവിധമാകും മൊബൈൽ ആപ്പ് തയാറാക്കുകയെന്നും ചോദ്യോത്തരവേളയിൽ അദ്ദേഹം പറഞ്ഞു.
റവന്യു സേവനങ്ങൾ ലഭ്യമാക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. ഒറ്റത്തവണ നികുതി അടയ്ക്കാൻ പുതിയ പോർട്ടൽ തയ്യാറാക്കും. ഫ്ലാറ്റുകൾ സ്ഥിതിചെയ്യുന്ന ഭൂമിയുടെ നികുതി നിശ്ചയിക്കുന്നതിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.
പ്രവാസികൾക്ക് ഭൂനികുതി പോർട്ടൽ
പ്രവാസികൾക്ക് ജോലി ചെയ്യുന്ന രാജ്യത്തിരുന്നു തന്നെ മൊബൈൽ വഴി ഭൂനികുതി അടയ്ക്കാൻ വെബ്‌പോർട്ടൽ കൊണ്ടുവരും. തുടക്കത്തിൽ യു.കെ, യു.എസ്, കാനഡ, സിംഗപ്പൂർ, സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റിൻ എന്നിവിടങ്ങളിലുള്ളവർക്ക് വെബ്‌പോർട്ടൽ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.