palam

വക്കം: കായിക്കരക്കടവിൽ പാലം വരുന്നതും കാത്ത് പ്രദേവാസികൾ.വക്കം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളുടെ ചിരകാല സ്വപ്നപദ്ധതിയാണ് കായിക്കര കടവ് പാലം.പാലത്തിനും സ്ഥലമേറ്റെടുപ്പിനുമായി ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണത്തിന് മാത്രം ജീവൻ വച്ചിട്ടില്ല. ഇടയ്ക്കിടെ തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെങ്കിലും പിന്നീട് നിശ്ചലാവസ്ഥയിലാകും.

2014വരെ വക്കം - കായിക്കരയെ ബന്ധിപ്പിക്കുന്ന ഒരു ചങ്ങാടമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് വക്കം ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരുന്നു. ചങ്ങാടം പിൻവലിച്ചതോടെ നാട്ടുകാരുടെ യാത്ര ദുരിതമായി. നിലവിൽ ഒരു കടത്തുവള്ളം മാത്രമാണുള്ളത്. ഒരു ചങ്ങാടം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കായിക്കര കോൺഗ്രസ് കൂട്ടായ്മ അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകിയിട്ടുണ്ട്.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠനം കഴിഞ്ഞു. റിപ്പോർട്ട് സമർപ്പിച്ച് സർവേ നടപടികളും പൂർത്തീയാക്കി സ്കെച്ചും തയ്യാറാക്കി. ഭൂമിയേറ്റെടുക്കൽ നടപടിയും കഴിഞ്ഞു.കായിക്കര,വക്കം പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ടി.എസ് കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിനായി 6.88 ലക്ഷം അനുവദിച്ചു. കിഫ്ബി ഫണ്ട് അനുവദിച്ച് സർവേ നടപടികളും ഭൂമിയേറ്റെടുക്കലും കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്.

വക്കം - കായിക്കര പാലം പദ്ധതി ആരംഭിക്കുന്നത് - 2017ൽ

അനുവദിച്ച ഫണ്ട്

പാലം നിർമ്മാണത്തിനും,

അപ്രോച്ച് റോഡ് നിർമ്മാണത്തിനും - 33.17 ലക്ഷം കിഫ്ബി ഫണ്ട്

പാലത്തിന്റെ രൂപകല്പന

നീളം - 232.2 മീറ്റർ

വീതി -1 1 മീറ്റർ

നടപ്പാത - 1.5 മീറ്റർ

ഏറ്റെടുക്കേണ്ടത്

അപ്രോച്ച് റോഡ് നിർമ്മാണത്തിനായി വക്കം,കായിക്കര വില്ലേജിൽ 2.02 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടാതായിട്ടുണ്ട്. കായിക്കര പ്രദേശത്ത് 248 മീറ്ററും,വക്കത്ത് 188 മീറ്ററുമാണ് റോഡ് നിർമ്മിക്കേണ്ടത്.

ടൂറിസത്തിനും മുതൽക്കൂട്ട്

പാലം പണി പൂർത്തിയാകുന്നതോടെ കായിക്കര ആശാൻ സ്മാരകത്തെയും,ഐ.എൻ.എ വക്കം ഖാദർ സ്മാരകത്തെയും ബന്ധിപ്പിക്കും.പാലം യാഥാർത്ഥ്യമാകുന്നതോടെ തീരദേശഗ്രാമമായ അഞ്ചുതെങ്ങ്,വക്കം പ്രദേശങ്ങളിലെ മുതലപ്പൊഴി,അഞ്ചുതെങ്ങ്കോട്ട,ആശാൻ സ്മാരകം,വക്കം ഖാദർ സ്മാരകം,പൊന്നുംതുരുത്ത് എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രയും സുഗമമാകും.കായലോര ടൂറിസത്തിനും മുതൽക്കൂട്ടാകും.

നിലവിൽ

പാലം പണിയേണ്ട സ്ഥലത്ത് ഇപ്പോൾ ഉൾനാടൻ ജലഗതാഗതം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബോട്ട് ജെട്ടി നിർമ്മിച്ചിരിക്കുകയാണ്.