തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.ഇ.ഒ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥിന്റെ ഉത്തരവ്. തൈയ്ക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടെ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി വാങ്ങാൻ പ്രിൻസിപ്പൽ കുട്ടിയുടെ അമ്മയോട് നിർദ്ദേശിച്ചു. എന്നാൽ അമ്മ മൂന്ന് മാസത്തെ സാവകാശം ചോദിച്ചു. പ്രിൻസിപ്പൽ ഒരാഴ്ച സമയം നൽകി. കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ നിലപാടെടുത്തു. വീട്ടിൽ നിന്ന് ദൂരം കൂടുതലായതിലാണ് ടി.സി വാങ്ങുന്നതെന്ന് അപേക്ഷയിൽ എഴുതാൻ പ്രിൻസിപ്പൽ അമ്മയോട് ആവശ്യപ്പെട്ടെന്നാണ് പരാതി.