വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തലത്തൂതക്കാവിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് സർവീസ് നിലച്ചിട്ട് നാല് വർഷമായിട്ടും പുനരാരംഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. തലത്തൂതക്കാവ് ആദിവാസി മേഖലയിലേക്കുള്ള ഏക ബസ് സർവീസായിരുന്നു നിലച്ചത്.
രാവിലെയും വൈകിട്ടുമായി രണ്ട് സർവീസാണ് ഉണ്ടായിരുന്നത്. മികച്ച കളക്ഷനുമായി ജനോപകാര പ്രദമായി സർവീസ് നടത്തിയിരുന്ന ബസ് 2020 ൽ കൊവിഡിന്റെ മറവിലാണ് നിറുത്തലാക്കിയത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന തലത്തൂതക്കാവിൽ എൽ.പി സ്കൂളും പ്രവർത്തിക്കുന്നുണ്ട്.
ഉന്നതപഠനത്തിനായി വിതുര, നന്ദിയോട് എന്നീ സ്ഥലങ്ങളിൽ എത്തേണ്ട വിദ്യാർത്ഥികൾക്ക് കാൽനടയാത്രയാണ് ശരണം.
കാട്ടാനശല്യവും
മാത്രമല്ല തലത്തൂതക്കാവ് മേഖലയിൽ കാട്ടാനശല്യവും രൂക്ഷമാണ്. സ്കൂൾ പരിസരത്ത് പകൽസമയത്തുപോലും ആനക്കൂട്ടം എത്താറുണ്ട്. സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാത്ഥികളേയും കാട്ടാനകൾ ആക്രമിക്കാൻ ശ്രമിച്ച സംഭവമുണ്ട്.
ഏകആശ്രയം
രാവിലെ ആറ് മണിക്കാണ് തലത്തൂതക്കാവിൽ നിന്നും ആരംഭിച്ച് വിതുര തൊളിക്കോട് പനയ്ക്കോട് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്നത്. മികച്ച കളക്ഷനും ലഭിച്ചിരുന്നു. വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഏറെ അനുഗ്രഹമായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ നിവേദനം നൽകിയിരുന്നു. സമരങ്ങളും അരങ്ങേറി.
അവഗണനയിൽ
ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി മേധാവികൾ വാക്ക് നൽകിയെങ്കിലും വാഗ്ദാനം കടലാസിലുറങ്ങുകയാണ്. കൊവിഡുകാലത്ത് വിതുര ഡിപ്പോയിൽ നിന്നും നിറുത്തലാക്കിയ ബസ് സർവീസുകളിൽ ഭൂരിഭാഗവും ഇതിനകം പുനരാരംഭിച്ചെങ്കിലും തലത്തൂതക്കാവ് നിവാസികളെ അവഗണിക്കുകയായിരുന്നു. സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിതുര ഡിപ്പോപടിക്കൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.