ആറ്റിങ്ങൽ: കോളറ പടരാതിരിക്കാൻ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.

ലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ പ്രഥമ ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേത്തുടർന്ന് രോഗി പെട്ടെന്നുതന്നെ നിർജ്ജലീകരണത്തിലേക്കും,തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകും.

ശ്രദ്ധിക്കുക

രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിർജ്ജലീകരണം കൊണ്ടാണ്. ആരംഭം മുതൽ ഒ.ആർ.എസ് ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

കോളറ പ്രതിരോധം

* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

* ഭക്ഷണവും വെള്ളവും തുറന്നുവയ്ക്കരുത്

ഭക്ഷ്യവസ്തു‌ക്കൾ നന്നായി വേവിച്ച് മാത്രം കഴിക്കുക

* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക

* മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുൻപും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക

* വയറിളക്കമോ ഛർദ്ദിയോ ഉണ്ടായാൽ ധാരാളം വെള്ളം കുടിക്കുക