cctv

വർക്കല: മദ്റസയിൽ നിന്ന് മടങ്ങിയ പന്ത്രണ്ടുകാരനെ തെരുവുനായ്ക്കൾ ഓടിച്ചിട്ടു കടിച്ചു. കൈകാലുകളിൽ കടിയേറ്റ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടയറ ചരുവിളവീട്ടിൽ നജീബ് - സജ്ന ദമ്പതികളുടെ മകൻ ആസിഫിനാണ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. നടയറ നൂറുൽ ഇസ്ലാം മദ്റസയിൽ പഠനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആസിഫിനെ ഇടറോഡിൽ വച്ച് അഞ്ചോളം നായ്ക്കൾ ആക്രമിക്കുകയായിരുന്നു. സംഭവസമയത്ത് ബൈക്കിലെത്തിയ നടയറ സ്വദേശി ഇർഷാദാണ് നായ്‌ക്കളുടെ ആക്രമണത്തിൽ നിന്ന് ആസിഫിനെ രക്ഷിച്ചത്.

നടയറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നിരവധി പേർക്ക് ഇതിനകം നായ്‌ക്കളുടെ കടിയേറ്റു. അനധികൃത അറവുശാലകളിലെയും ഇറച്ചിക്കടകളിലെ മാംസാവശിഷ്ടങ്ങളുമാണ് നടയറയിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കൂടാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. പകൽ സമയങ്ങളിൽ പോലും ജനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. തെരുവുനായശല്യം ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നടയറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എം.സിനിമോൻ പറഞ്ഞു.