വെള്ളനാട്: വെള്ളനാട് ഗ്രാമപഞ്ചായത്തിലെ റോഡുകൾ തകർന്നു. വെള്ളനാട് - അരുവിക്കര ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അരുവിക്കര റോഡ് തകർന്നടിഞ്ഞിട്ട് വർഷങ്ങളായി. കുളക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ അരുവിക്കര ഡാം വരെയുള്ള റോഡാണ് തകർന്നത്.
റോഡ് നവീകരണത്തിനായി റോഡിന്റെ ഇരുവശങ്ങളിലും മെറ്റലുകൾ ഇറക്കിയിട്ട് മാസങ്ങളായെങ്കിലും പണിയാരംഭിച്ചിട്ടില്ല. വലിയ കുഴികൾ രൂപപ്പെട്ട ഭാഗത്തെല്ലാം വെള്ളക്കെട്ടാണ്. മെറ്റലുകൾ ഇളകി ദിനംപ്രതി നിരവധി ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നുണ്ട്.
അരുവിക്കര ജലസംഭരണിക്കു മുന്നിലെ ബലിതർപ്പണ കേന്ദ്രത്തിന് മുന്നിലും,വെമ്പന്നൂർ ജംഗ്ഷനു സമീപത്തെ വളവിലും ശാന്തിനഗർ, ശങ്കരമുഖംഎൽ.പി.സ്കൂളിനു സമീപം,കണ്ണേറ്റുനട ജംഗ്ഷൻ,വാളിയറ തുടങ്ങിയ സ്ഥലങ്ങളിലും റോഡിന്റെ അവസ്ഥ ദയനീയമാണ്.
പരിഹാരമാകാതെ
വെള്ളനാട് ഗവ. യു.പി സ്കൂളിലേക്ക് പോകുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ യാത്രക്കാർ ആശ്രയിക്കുന്ന റോഡിൽ അപകടസാദ്ധ്യതയേറിയിട്ടും റോഡ് നവീകരിക്കാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. കണ്ണമ്പള്ളി,ചാത്തനാട്,കൈരളി നഗർ എന്നിവിടങ്ങളിലുള്ളവർ വെള്ളനാട് ജംഗ്ഷനിലെത്താൻ ആശ്രയിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
വെള്ളനാട് - കാട്ടാക്കട മെയിൻ റോഡിൽ നിന്ന് യു.പി സ്കൂൾ വരെയുള്ള റോഡും തകർന്നിട്ടുണ്ട്.
വെള്ളക്കെട്ടും രൂക്ഷം
വെള്ളനാട്-കുളക്കോട്-കാരിക്കോണം അനൂപ് അവന്യു റോഡിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതമാണ്. കുളക്കോട്, കൂവക്കുടി,വെള്ളനാട്, കമ്പനിമുക്ക്,ആര്യനാട്, ഏലിയാവൂർപാലം തുടങ്ങിയ സ്ഥലങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ടാണ്. ഓടകളില്ലാത്തതാണ് റോഡ് തകർച്ചയ്ക്ക് പ്രധാന കാരണം.
നെടിയവിള- പുല്ലുവിളക്കുഴി റോഡ്, കല്ലുപാലം- കാരിക്കുഴി- അനശ്വര ക്ലബ് റോഡ്, കരുണാസായി- കല്ലുപാലം റോഡ്, വെള്ളനാട് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും മിത്രനികേതനിലേക്ക് പോകുന്ന മാലിക്കോണം റോഡ്, വെള്ളൂർകോണം റോഡ്, കൊങ്ങണം- വാഴാലി റോഡ്, കൊങ്ങണം- വലിയേല- പുതുക്കുളങ്ങര റോഡ്, കൊങ്ങണം- അഗ്രിക്കൾച്ചർ കോളനി റോഡ് ആയുർവേദ ഹോസ്പിറ്റലിന് സമീപത്തെ റോഡ് തുടങ്ങിയവയെല്ലാം തകർന്നും ചെളിനിറഞ്ഞും കിടക്കുകയാണ്. പഞ്ചായത്തിലെ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.