കൊച്ചി: സർവവ്യാപിയായ എ.ഐ കളിക്കളങ്ങളിലേക്കും. സ്പാനിഷ് ഫുട്ബാൾ ക്ലബ്ബായ സെവില്ലയാണ് മികച്ച കളിക്കാരെ കണ്ടെത്താൻ നിർമ്മിതബുദ്ധിയെ കളത്തിലിറക്കിയത്. സ്കൗട്ട് അഡ്വൈസ് എന്ന നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് പ്ലാറ്റ്ഫോം കൊച്ചിയിലെ എ.ഐ കോൺക്ലേവിൽ അവതരിപ്പിച്ചു.
ചെറുപ്രായത്തിലേ മികച്ച കളിക്കാരെ കണ്ടെത്തലും പരിശീലിപ്പിക്കലുമാണ് ഫുട്ബാൾ ടീമിലെ സ്കൗട്ടുകളുടെ ജോലി. ഒരു മണിക്കൂറിൽ കുട്ടി എത്ര ദൂരം ഓടുന്നു, ഹൃദയമിടിപ്പിന്റെ വേഗത എന്നിവ കണ്ടെത്തി സൂക്ഷിക്കും. ഈ വിവരങ്ങളിലൂടെ ഭാവിയിൽ അവൻ ഡിഫൻഡർ ആകുമോ ഫീൽഡർ ആകുമോ എന്നുവരെ പ്രവചിക്കാൻ പറ്റും. പ്രവചനം തെറ്റാനുള്ള സാദ്ധ്യത ഇല്ലാതാക്കി സ്കൗട്ടുകളുടെ ജോലി കാര്യക്ഷമമാക്കുന്നതാണ് സ്കൗട്ട് അഡ്വൈസ് പ്ലാറ്റ്ഫോമിന്റെ ഡ്യൂട്ടി. ഐ.ബി.എമ്മുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുള്ളത്.
കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിൽ നൽകുകയേ വേണ്ടു. സ്കൗട്ടുകൾ മാസങ്ങൾ എടുത്ത് എത്തിച്ചേരുന്ന നിഗമനങ്ങൾ എ.ഐ നിമിഷങ്ങൾ കൊണ്ട് പറയും.
എ.ഐ ഉപയോഗിച്ചു തുടങ്ങിയ ശേഷം സ്കൗട്ടുകളുടെ ജോലിഭാരം കുറഞ്ഞതായും കളിക്കാരുടെ കഴിവുകൾ തിരിച്ചറിയാൻ എളുപ്പമായതായും സെവില്ല ഫുട്ബാൾ ക്ലബ് ഡാറ്റാ വിഭാഗം മേധാവി ഡോ.ഏലിയാസ് സമോറ സില്ലെയ്റോ പറഞ്ഞു.
കളിക്കാരന്റെ ശക്തിയും ബലഹീനതയും തിരിച്ചറിയുന്നതിലാണ് ടീമിന്റെ വിജയം. ഈ ജോലി മനുഷ്യൻ ചെയ്യുന്നതിൽ ന്യൂനതകൾ ഉണ്ടായേക്കാം. എ.ഐ ഉപയോഗിച്ച് ഒരു ഗെയിം പ്ലാൻ തയ്യാറാക്കുന്ന കാലവും വിദൂരമല്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഈ രീതി പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.