വിഴിഞ്ഞം: സാൻഫെർണാണ്ടോ കപ്പലിൽ മലയാളിയുൾപ്പെടെ ഇന്ത്യാക്കാരായ 5 ജീവനക്കാരുണ്ട്. പാലക്കാട് വാണിയംകുളം സ്വദേശി പ്രജീഷ് ഗോവിന്ദരാജ് ആണ് മലയാളി. ഇലക്ട്രോ ടെക്നിക്കൽ ഓഫിസറാണ് (ഇ.ടി.ഒ) പ്രജീഷ്.
ചൈനയിൽ നിന്നും യാത്ര തിരിച്ച് വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആദ്യ അമ്മ കപ്പൽ സാൻഫെർണാണ്ടോയുടെ 22 അംഗ ക്രൂവിൽ ഉള്ള ഏക മലയാളിയാണ് പ്രജീഷ് ഗോവിന്ദരാജ്. നിരവധി രാജ്യങ്ങളിലെ തുറമുഖങ്ങളിൽ കണ്ടയ്നർ കപ്പലിൽ എത്തിയിട്ടുണ്ടെങ്കിലും മലയാള മണ്ണിൽ കണ്ടയ്നറുമായി എത്തുന്നത് ആദ്യമാണ്. ചരിത്രത്തിൻ്റെ ഭാഗമായി മാറാൻ കഴിഞ്ഞതിൽ മലയാളിയായ പ്രജീഷിന് അഭിമാനിക്കാം. 5 ഇന്ത്യക്കാരിൽ ഒരു വനിതയും ഉൾപ്പെടുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനി പർമൺ മുഖർജിയാണ് ഏക ഇന്ത്യൻ വനിത. ചീഫ് എൻജിനിയർ ബീഹാർ സ്വദേശി ശുഭംഗർ സിൻഹ, ഇ.ടി.ഒ ട്രെയിനി ആന്ധ്രാസ്വദേശി സുരേശൻ മൗഡിലു, കോയമ്പത്തൂർ സ്വദേശി കൃഷ്ണകുമാർ ദുരൈസ്വാമി എന്നിവരാണ് ഇന്ത്യാക്കാരായ മറ്റ് ജീവനക്കാർ. 3 റഷ്യൻ സ്വദേശികൾ, 12 ഫിലിപൈൻ സ്വദേശികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഘാന സ്വദേശി എന്നിവരടക്കം 22 ജീവനക്കാരാണ് കപ്പലിലുള്ളത്. ക്യാപ്റ്റൻ റഷ്യക്കാരനായ വ്ലോഡിമർ ബോണ്ട് ആരങ്കോയാണ്.
കപ്പൽ കമ്പനിയായ മെഴ്സ്കിന്റെ സുരക്ഷാവിഭാഗം സൂപ്രണ്ട് മലയാളിയായ ഹരി വിഴിഞ്ഞത്തുനിന്ന് കയറിയാണ് നടപടികൾ പൂർത്തിയാക്കിയത്.