തിരുവനന്തപുരം: മൈക്രോ ബിസിനസ് സബ്സിഡി പദ്ധതിയുടെ മറവിൽ കോർപ്പറേഷനിൽ 6.45 കോടിയുടെ തട്ടിപ്പ് നടന്നതായി സി.എ.ജി ഓഡിറ്റ് റിപ്പോർട്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതി വർഗ വിഭാഗങ്ങൾക്കുമുള്ള മൈക്രോ ബിസിനസ് സംരംഭ സബ്സിഡി പദ്ധതിയിലാണ് ചില ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയതെന്ന് ഇന്നലെ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2020-21ൽ 119 ജനറൽ ഗ്രൂപ്പുകൾക്കും 33 പട്ടികജാതി ഗ്രൂപ്പുകൾക്കും 2021-22 വർഷത്തിൽ 38 ജനറൽ ഗ്രൂപ്പുകൾക്കും 25 പട്ടികജാതി ഗ്രൂപ്പുകൾക്കും നൽകിയ സബ്സിഡിയിൽ ആദ്യവർഷം 4.56 കോടിയും രണ്ടാം വർഷം 1.89 കോടിയുമാണ് തട്ടിയെടുത്തത്. അഞ്ച് വനിതാ അംഗങ്ങൾ ഉൾപ്പെടുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മൈക്രോ ബിസിനസ് തുടങ്ങാം.ഇതിൽ വായ്പാതിരിച്ചടവ് കൃത്യമായുള്ള സംഘങ്ങൾക്ക് വായ്പ തീർക്കുന്നതിന് ബാക്ക് എൻഡഡ് സബ്സിഡി തുക ബാങ്കിലേക്ക് കോർപ്പറേഷൻ നൽകുന്നതാണ് പദ്ധതി. മൂന്നുലക്ഷം രൂപയാണ് ഇത്തരത്തിൽ സബ്സിഡിയായി നൽകുക. എന്നാൽ വായ്പ എടുക്കാത്തവരുടെ അക്കൗണ്ടുകളിലേക്ക് വ്യാപകമായി സബ്സിഡി തുക കൈമാറിയായിരുന്നു തട്ടിപ്പ്. ഇതേക്കുറിച്ച് സി.എ.ജി ചോദിച്ചപ്പോൾ ഔദ്യോഗിക തിരക്കിനിടയിൽ വായ്പയെടുക്കാത്തവരുടെ അക്കൗണ്ടുകളിലേക്ക് അബദ്ധത്തിൽ നൽകിയതാണെന്നും കണ്ടുപിടിക്കാൻ പ്രയാസമാണെന്നുമുള്ള ഒഴുക്കൻ മറുപടിയാണ് കോർപ്പറേഷൻ നൽകിയത്. പൊതുപണം തട്ടിയെടുക്കുന്നവരിൽ നിന്ന് തുക തിരിച്ചുപിടിക്കണമെന്ന സി.എ.ജി.ശുപാർശയിൽ കോർപ്പറേഷൻ ഇതുവരെ നടപടിയെടുത്തിട്ടില്ല.