പോത്തൻകോട്: പള്ളിത്തുറ നെഹ്റു ജംഗ്ഷനിൽ കാപ്പ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി അഖിലിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. ഒന്നാം പ്രതി തുമ്പ സ്വദേശി സുനിൽകുമാറിന്റെ മൊബൈൽ ലോക്കേഷൻ പിന്തുടർന്ന് എറണാകുളത്ത് എത്തിയ സിറ്റി ഷാഡോ ടീം ഉൾപ്പെടുന്ന അന്വേഷണ സംഘം ഫോണിന്റെ ഉടമയെ കണ്ടെത്തിയിരുന്നു. എന്നാൽ,​ ഇത് അയാളുടെ പഴയ നമ്പറാണെന്ന് മനസിലായതോടെ മടങ്ങുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. അതിനിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നെത്തിയ നിലവിലെ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമായതോടെ അന്വേഷണം മന്ദഗതിയിലായി. ഈ സാഹചര്യം മുതലാക്കി ഇപ്പോൾ ഒളിവിലുള്ള പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകാനും ശ്രമിക്കുന്നതായി സൂചനയുണ്ട്. സംഭവത്തിന് ശേഷം പിടിയിലായ ഷെഹിൻ ബാബു കുറ്റം നിഷേധിച്ചു. എന്നാൽ ആക്രമണം നടത്തിയ സംഘത്തിൽ സുനിലും ഷെഹിനും മറ്റ് നാല് പേർ ഉണ്ടെന്നും അതിൽ ഒരാളെ മാത്രം അറിയില്ലെന്നുമാണ് അഖിലിന്റെ മൊഴി.