പാറശാല: കേരളത്തിലെ ജനസംഖ്യയിൽ മൂന്നിലൊന്ന് ശതമാനം വരുന്ന സമുദായത്തിന് ഇതുവരെയും അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ലെന്നും, സംഘടനയിലൂടെ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാനാവൂ എന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

യോഗം പാറശാല യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ചികിത്സാസഹായമായി അനുവദിച്ച മൂന്ന് ലക്ഷത്തിൽപരം രൂപയുടെ വിതരണം ഉദ്ഘാടനം‌ ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ യോഗത്തിന്റെ ശക്തി പതിന്മടങ്ങിലേറെ വർദ്ധിച്ചെങ്കിലും, ഈഴവ സമുദായത്തിലെ വീടുകളിൽ ജനിക്കുന്ന നൂറ് കുട്ടികളിൽ പത്ത് പേർക്ക് പഠിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും ഇവിടെ ഇല്ലാത്ത സ്ഥിതിയാണ്. കൂട്ടായ്മയില്ലെങ്കിൽ ഭാവിയിൽ ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരശുവയ്ക്കൽ കോയിക്കൽ കല്യാണമണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ പാറശാല യൂണിയൻ അഡ്മിഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ് അദ്ധ്യക്ഷത വഹിച്ചു. യൂണിയനിൽപ്പെട്ട അംഗങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകളും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ബാഹുലേയൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ്, തിരുവനന്തപുരം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.പ്രതീപ്, വനിതാസംഘം കേന്ദ്ര സമിതി അംഗം ഗീതാ മധു, പരശുവയ്ക്കൽ ശാഖാംഗം ദോ. പ്രേംജിത് തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ബിനുകുമാർ.വി സ്വാഗതവും പരശുവയ്ക്കൽ ശാഖ പ്രസിഡന്റ് ശ്രീദേവ് നന്ദിയും പറഞ്ഞു. പാറശാല യൂണിയൻ മന്ദിരത്തിൽ തുഷാറിനെ യൂണിയൻ അഡ്മിഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പിന്റെ നേതൃത്വത്തിൽ സ്വീകരിച്ച്

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്.