തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ 6-ാം റാങ്കും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ വട്ടിയൂർക്കാവ് സ്വദേശി അതുലിന്റെ ലക്ഷ്യം ഐ.ഐ.ടി പഠനം. ജെ.ഇ.ഇയിൽ 2290-ാം റാങ്ക് നേടിയ അതുലിന് മദ്രാസ് ഐ.ഐ.ടി മെക്കാനിക്കൽ എൻജിനിയറിംഗിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്.
കരിമൺകുളം അറപ്പുര വി.എ.ആർ.എ 451എയിൽ പി. മാധവന്റെയും സുമയുടെയും രണ്ടാമത്തെ മകനാണ് പി.ടി.അതുൽ. രണ്ടാം തവണയാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതുന്നത്. ആദ്യ തവണ 181-ാം റാങ്കാണ് ലഭിച്ചത്. പാലാ ബ്രില്യൻസിലായിരുന്നു പഠനം. ആദ്യ തവണ അത്ര ശ്രദ്ധ കൊടുത്തില്ല. എന്നാൽ രണ്ടാം തവണ 8 മുതൽ 10 മണിക്കൂർ വരെ പഠനത്തിനായി മാറ്റിവച്ചെന്ന് അതുൽ പറഞ്ഞു. സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച അച്ഛൻ മാധവനും അമ്മ സുമയും ടെക്‌നോപാർക്ക് ജീവനക്കാരനായ സഹോദരൻ അശ്വിനും അതുലിന്റെ ആഗ്രഹങ്ങൾക്ക് കൂട്ടായി ഒപ്പമുണ്ട്.