fund

തിരുവനന്തപുരം: കെ.എസ്.ഇ.ബിയും കെ.എസ്.ടി.പിയും പി.ഡബ്ളിയു.ഡിയും ക്രമക്കേടുകളിലൂടെ കോടികളുടെ അധികബാദ്ധ്യത വരുത്തിയതായി സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട്.

സർക്കാർ അനുമതിയില്ലാതെ,​ അനധികൃതമായി കെ.എസ്.ഇ.ബി ശമ്പളപരിഷ്കരണം നടത്തിയാണ് 1317.66കോടി അധിക ബാദ്ധ്യതയുണ്ടാക്കിയത്. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചു.

സംസ്ഥാന കമ്പനി അസോസിയേഷൻ നിയമത്തിലെ 55, 56 വകുപ്പുകളനുസരിച്ച് ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നത് മുൻകൂർ സർക്കാർ അനുമതിവേണം. എന്നാൽ 2021ൽ ശമ്പളം,അലവൻസ്,പെൻഷൻ എന്നിവ 2018ലെ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയത് അനുമതിയില്ലാതെയാണ്. ഇതിലൂടെ ഓരോവർഷവും 543കോടിയുടെ അധികച്ചെലവുണ്ടായി. ശമ്പളത്തിന് 1011കോടിയും പെൻഷന് 306.66 കോടിയും ഉൾപ്പെടെ മൊത്തം 1317.66 കോടിയുടെ ബാദ്ധ്യത.

അനുമതിയില്ലാതെ 1995,​ 2001, 2007, 2011, 2016, വർഷങ്ങളിലും ശമ്പളപരിഷ്കരണം നടപ്പാക്കി. 14,​152.56 കോടിയുടെ ബാദ്ധ്യത ഇതുവഴി വന്നു. സർക്കാർ ഒരു നടപടിയും എടുത്തില്ല. ഇത് ധനകാര്യ കെടുകാര്യസ്ഥതയാണെന്ന് സി.എ.ജി കുറ്റപ്പെടുത്തി.

കെ.എസ്.ടി.പിയിൽ

21.84കോടി അഴിമതി

തലശേരി - വളവുപാറ 54 കിലോമീറ്റർ റോഡ് നിർമ്മാണത്തിൽ കരാറുകാരനുമായി ഒത്തുകളിച്ച് 21.84കോടിയുടെ ക്രമക്കേട് നടത്തി. 156.33 കോടിക്ക് 2013ൽ എസാർ ഗ്രൂപ്പിനാണ് കരാർ നൽകിയത്. ഇവർ ഉപേക്ഷിച്ചുപോയതോടെ 2015ൽ ദിനേഷ് അഗർവാൾ ഗ്രൂപ്പിന് നൽകി. ഇവർ ആവശ്യത്തിന് മെറ്റീരിയൽ ഉപയോഗിക്കാതെയാണ് പണി പൂർത്തിയാക്കിയത്. എന്നിട്ടും 21.84 കോടി കൂടി അധികം അനുവദിക്കുകയായിരുന്നു.

പി.ഡബ്ളിയു.ഡി

ക്രമക്കേട് 2.87 കോടി

ഡിസ്ട്രിക്ട് ഫ്ളാഗ് ഷിപ്പ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടിന്റെ പേരിൽ പി.ഡബ്ളിയു.ഡി കോഴിക്കോട് ദേശീയ പാതയിൽ രണ്ട് മേൽപ്പാലങ്ങൾ നിർമ്മിച്ചതിൽ 2.87 കോടിയുടെ ക്രമക്കേടും നടന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് തെറ്റായ എസ്റ്റിമേറ്റിലൂടെ ഇത്രയും തുക നൽകിയെന്നാണ് സി.എ.ജി കണ്ടെത്തൽ.