l
റോട്ടറി ഡിസ്ട്രിക്ട് 3211 ഡിസ്ട്രിക്ട് ഗവർണറായി ചുമതലയേറ്റ സുധി ജബ്ബാർ

തിരുവനന്തപുരം: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ ഉന്നമനത്തിന് റോട്ടറി ഡിസ്ട്രിക്ട് 3211 പ്രാധാന്യം നൽകുമെന്ന് പുതുതായി ചുമതലയേറ്റ ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ പറഞ്ഞു. പഠനം പൂർത്തിയാക്കാനാകാത്ത യുവാക്കളെയും സ്ത്രീകളെയും കണ്ടെത്തി 'ഉയരെ" എന്ന പദ്ധതിയിലൂടെ തൊഴിൽ പരിശീലനം നൽകുകയും സ്ഥിര വരുമാനത്തിനായി ചെറുകിട തൊഴിൽ യൂണിറ്റുകൾ സ്ഥാപിച്ച് നൽകുകയും ചെയ്യും. പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കായി പദ്ധതികൾ നടപ്പിലാക്കും. 'എന്റെ കൺമണിക്ക് ആദ്യ സമ്മാനം" എന്ന പദ്ധതിയിലൂടെ റോട്ടറി ഡിസ്ട്രിക്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനം നൽകും. ഡിസ്ട്രിക്ടിലെ റോട്ടറി ക്ലബ്ബുകൾ നേതൃത്വം നൽകും. മറ്റ് ഏജൻസികളുടെ സഹകരണത്തോടെ ഭവനരഹിതർക്ക് 250 വീടുകൾ നിർമ്മിച്ച് നൽകുമെന്നും സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി ഗവർണർ അറിയിച്ചു.

ചടങ്ങിൽ ആർ.ഐ ഡയറക്ടർ സുബ്രഹ്മണ്യം, പ്രഥമ വനിത സൽമ സുധി, ഡോ. ജി.സുമിത്രൻ, സ്മിത സുമിത്രൻ, റോട്ടറി ഡിസ്ട്രിക്റ്റ് ഭാരവാഹികളായ സുരേഷ് മാത്യു, ശ്രീനിവാസൻ, ആർ.രഘുനാഥ്, റയ്നോൾഡ് ജെ.ഗോമസ്, പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ സുധി ജബ്ബാർ, സെക്രട്ടറി ജനറൽ റയ്നോൾഡ് ജെ.ഗോമസ് എന്നിവർ റോട്ടറി ഡിസ്ട്രിക്ട് 3211ലെ അഞ്ച് ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് ഒരു വർഷം നേതൃത്വം നൽകും.